22 January, 2026 10:32:02 AM
പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ചു തകർത്ത ശേഷം കടന്നു കളഞ്ഞ പ്രതി പിടിയിൽ

കൊല്ലം: പത്തനാപുരത്ത് പൊലീസ് വാഹനത്തിൽ ജീപ്പ് ഇടിപ്പിച്ച് തകർത്ത ശേഷം രക്ഷപ്പെട്ട ഗുണ്ടാ നേതാവ് സജീവിൻ പിടിയിൽ. തെങ്കാശിയിൽ നിന്നാണ് സജീവനെ പത്തനാപുരം പൊലീസ് പിടികൂടിയത്. പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.
മുടിയും,മീശയും, താടിയും വെട്ടി രൂപം മാറ്റിയ ശേഷമാണ് സജീവ് തമിഴ്‌നാട്ടിലേക്ക് കടന്നത്. സജീവ് മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് പൊലീസിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ അതിവിദഗ്‌ദമായി പൊലീസ് പ്രതിയെ പിടികൂടി. പത്തനാപുരം സിഐ ബിജു ആർ ,എസ്ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സജീവിനെ പിടികൂടിയത്.
ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. സപ്താഹ പരിപാടിക്കിടെ അൽസേഷ്യൻ നായയുമായി എത്തിയ സജീവ്, അവിടെ വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടാക്കിയതായി പൊലീസിന് പരാതി ലഭിച്ചു. ഇത് അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു പൊലീസിന് നേരെ ആക്രമണമുണ്ടായത്. ഇയാൾ ഓഫ് റോഡ് വാഹനം ഉപയോഗിച്ച് പൊലീസ് ജീപ്പ് ഇടിച്ചു നശിപ്പിക്കുകയായിരുന്നു.
ഓഫ് റോഡ് വാഹനം ഉപയോഗിച്ച് ജീപ്പ് ഇടിച്ചുതെറിപ്പിച്ചതിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പത്തനാപുരം സ്റ്റേഷനിലെ ഒരു എസ്ഐക്കും രണ്ട് സിപിഒമാർക്കുമാണ് പരിക്കേറ്റത്.





