16 November, 2026 09:28:28 AM


മണ്ഡല – മകരവിളക്ക് തീർത്ഥാടനം: ശബരിമല നട ഇന്ന് തുറക്കും



പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യകാർമ്മികത്വത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാംപടി ഇറങ്ങി ആഴിയിൽ അഗ്നി പകരും.

ആഴി തെളിച്ചതിന് പിന്നാലെ, ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ കാത്തുനിൽക്കുന്ന നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും നിലവിലെ മേൽശാന്തി കൈപിടിച്ച് സോപാനത്തേക്ക് ആനയിക്കും. വൈകിട്ട് 6.30-ഓടെ സന്നിധാനത്തും തുടർന്ന് മാളികപ്പുറത്തും പുതിയ മേൽശാന്തിമാരുടെ അവരോധ ചടങ്ങുകൾ നടക്കും.

വൃശ്ചികം ഒന്നായ നാളെ പുലർച്ചെ പുതിയ മേൽശാന്തിമാരായിരിക്കും സന്നിധാനം, മാളികപ്പുറം നടകൾ തുറക്കുക. നടതുറക്കുന്ന ദിവസമായ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് തീർത്ഥാടകരെ കടത്തിവിടുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. 12 മണിക്ക് മുൻപായി നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് തീർത്ഥാടകരുമായി ബസ് സർവീസുകൾ നടത്തരുതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.എസ്.ആർ.ടി.സിക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933