19 March, 2026 08:40:07 PM
കെ.സുധാകരന് സീറ്റില്ല; കണ്ണൂരിൽ ടി.ഒ. മോഹനൻ കോൺഗ്രസ് സ്ഥാനാർഥിയാകും

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കണമെന്ന കെ സുധാകരന്റെ ആവശ്യത്തിന് വഴങ്ങാതെ ഹൈക്കമാന്‍ഡ്. സുധാകരന് കണ്ണൂരില്‍ സീറ്റ് നല്‍കേണ്ടതില്ല എന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സുധാകരന്റെ വാശിക്ക് വഴങ്ങേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും നിലപാട് സ്വീകരിച്ചതായാണ് വിവരം. ഇതോടെ സുധാകരന്‍ കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ്. സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട് നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിന് ശേഷം രാത്രി 9.45 ഓടെ സുധാകരന്‍ കണ്ണൂരിലേക്ക് പുറപ്പെടും. ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച് സുധാകരന്‍ പ്രവര്‍ത്തക സമിതി അംഗത്വം രാജിവെയ്ക്കുമെന്ന് വിവരമുണ്ട്. അതേസമയം കണ്ണൂരിൽ ടി.ഒ. മോഹനൻ കോൺഗ്രസ് സ്ഥാനാർഥിയാകും
പാര്‍ട്ടി വിടുമെന്ന കെ സുധാകരന്റെ ഭീഷണിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയെന്നായിരുന്നു മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എം പിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍, സുധാകരന് മാത്രം ഇളവ് നല്‍കാനാണ് നേതൃത്വത്തിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സുധാകരന്‍ മാധ്യമങ്ങളെ കണ്ട് നിലപാട് പ്രഖ്യാപിക്കാനിരിക്കെ ഏ കെ ആന്റണിയും രമേശ് ചെന്നിത്തലയും നടത്തിയ നീക്കമാണ് കോണ്‍ഗ്രസിലെ വലിയ പൊട്ടിത്തെറി ഒഴിവാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് ഹൈക്കമാന്‍ഡിന്റെ ഈ വളരെ പ്രധാനപ്പെട്ട തീരുമാനം വന്നിരിക്കുന്നത്.
രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും ഇന്നലെയുമായി മാരത്തണ്‍ ചര്‍ച്ചകളാണ് നടന്നത്. ഇന്നലെ രണ്ട് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിട്ടും സീറ്റ് തര്‍ക്കം തുടര്‍ന്നു. പ്രധാമായും കെ സി വേണുഗോപാലും വി ഡി സതീശനുമായിരുന്നു ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ത്തിയത്. ഇടുക്കി, കൊച്ചി സീറ്റുകളിലായിരുന്നു ഭിന്നാഭിപ്രായമെന്നായിരുന്നു പുറത്തുവന്ന വിവരം. കെ സുധാകരന് സീറ്റ് നല്‍കുന്ന കാര്യത്തിലും എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നു. എംപിമാര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ല എന്നനിലപാടില്‍ നേതാക്കന്മാര്‍ ഉറച്ചുനിന്നു. ഇതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനമാകാതെ പിരിഞ്ഞു. ഇതിന് ശേഷം ഖര്‍ഗെയുടെ വസതിയിലും യോഗം ചേര്‍ന്നു. സുധാകരന് സീറ്റ് നല്‍കേണ്ടതില്ല എന്ന നിലപാടായിരുന്നു ഖര്‍ഗെയും സ്വീകരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണി വരെ യോഗം തുടര്‍ന്നു. എന്നിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമായില്ല.






