25 September, 2026 09:24:45 AM


മുട്ടില്‍ മരംമുറി കേസ്; വനംവകുപ്പ് നല്‍കിയ കുറ്റപത്രം മടക്കി ബത്തേരി കോടതി



കല്‍പ്പറ്റ: മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ വനംവകുപ്പ് നല്‍കിയ കുറ്റപത്രം കോടതി മടക്കി. സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ആവശ്യമായ രേഖകള്‍ കുറ്റപത്രത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വനത്തില്‍ നിന്നാണോ മരംമുറിച്ചതെന്ന് കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ഈ മാസം 17 നാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ വനം വകുപ്പ് ബത്തേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

വയനാട്ടിലെ മുട്ടില്‍ നിന്ന് 47 ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടിത്തടികള്‍ 2021 ഫെബ്രുവരിയിലാണ് വനംവകുപ്പ് പിടികൂടുന്നത്. തടികള്‍ പിടികൂടി അഞ്ചു വര്‍ഷത്തിന് ശേഷമാണ് വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്തുകൊണ്ട് ഇത്ര കാലതാമസം വന്നുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നില്ല. മാത്രമല്ല, കുറ്റപത്രത്തില്‍ നിരവധി ക്ലറിക്കല്‍ പിശകുകള്‍ ഉണ്ടെന്നും, ആവശ്യമായ രേഖകള്‍ ഇല്ല, കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കുറ്റപത്രത്തില്‍ വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.

വനംവകുപ്പ് പിടിച്ചെടുത്ത ഈട്ടിത്തടികള്‍ ഏതാണ്, കടത്താനുപയോഗിച്ച വാഹനം ഏതാണ് തുടങ്ങിയ കാര്യങ്ങളും കുറ്റപത്രത്തില്‍ വ്യക്തമല്ലെന്ന് കോടതി സൂചിപ്പിച്ചു. അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അഗസ്റ്റിന്‍ സഹോദരന്മാരായ റോജി, ആന്റോ, ജോസ്‌കുട്ടി എന്നിവരെക്കൂടാതെ നാലു പേര്‍ അടക്കം മൊത്തം ഏഴു പ്രതികളാണുള്ളത്. കേരള ഫോറസ്റ്റ് ആക്ട്, ബയോ ഡൈവേഴ്‌സിറ്റി ആക്ട്, 1975 ലെ ട്രാന്‍സിറ്റ് റൂള്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297