25 September, 2026 01:08:50 PM
റേഞ്ച് റോവറിലെ യാത്ര: മന്ത്രി ഷാജിക്കെതിരെ പരാതി; പെരുമാറ്റച്ചട്ടവുമായി ലീഗ്

കൊച്ചി: ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ആഡംബര വാഹനം ഉപയോഗിച്ച സംഭവത്തിൽ മന്ത്രി കെ.എം. ഷാജിക്കെതിരെ സർക്കാരിനും മോട്ടോർ വാഹന കമ്മിഷണർക്കും പരാതി. ഹൈക്കോടതി അഭിഭാഷകനായ അതുൽ ടോമാണ് പരാതി നൽകിയത്. സർക്കാർ പദവി ദുരുപയോഗം ചെയ്തുവെന്നും മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.
കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ ഉടമസ്ഥതയിലുള്ള റേഞ്ച് റോവർ കാറാണ് മന്ത്രി ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിച്ചത്. ഔദ്യോഗിക വാഹനത്തിന് പകരം ആഡംബര കാറിലുള്ള മന്ത്രിയുടെ സഞ്ചാരം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതേത്തുടർന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ മന്ത്രി വാഹനം ഉടമയ്ക്ക് തിരികെ നൽകുകയായിരുന്നു.
മന്ത്രി കെ.എം. ഷാജി സർക്കാർ വാഹനം ഒഴിവാക്കി സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ മന്ത്രിമാർക്കും എംഎൽഎമാർക്കും എംപിമാർക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ തയ്യാറെടുത്ത് മുസ്ലിം ലീഗ്. സ്വകാര്യ വ്യക്തികളുടെ സേവനങ്ങൾ ഉൾപ്പെടെ സ്വീകരിക്കുമ്പോൾ ജനപ്രതിനിധികൾ പാലിക്കേണ്ട ജാഗ്രതയും പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ഷാജിയുടെ നടപടിയിൽ ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
നിലവിലെ ലീഗ് മന്ത്രിമാരിൽ പി.കെ.കുഞ്ഞാലിക്കുട്ടി ഒഴികെയുള്ളവർ പുതുമുഖങ്ങളാണ്. എംഎൽഎമാരിലും പുതുമുഖങ്ങൾക്ക് പ്രാതിനിധ്യം കൂടുതലാണ്. ഈ സാഹചര്യത്തിൽ ജനപ്രതിനിധികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. ഒക്ടോബർ മൂന്നിന് ചേരുന്ന യോഗത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർക്കുള്ള പെരുമാറ്റച്ചട്ടവും പാലിക്കേണ്ട മാർഗനിർദേശങ്ങളും സംബന്ധിച്ച് വിശദമായ മാർഗനിർദേശങ്ങൾ പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിശദീകരിക്കും.






