14 August, 2026 09:56:31 AM


യുകെയിൽ ട്രെയിൻ പാളം തെറ്റി അപകടം; ‌നിരവധി പേർക്ക് പരിക്ക്



ലണ്ടന്‍: തെക്കന്‍ ഇംഗ്ലണ്ടില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. 150 യാത്രക്കാരുമായി ലണ്ടന്‍ വിക്ടോറിയയില്‍ നിന്നും ഈസ്റ്റ്‌ബേര്‍ണിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെ ഈസ്റ്റ് സക്സസിലെ ലൂവിസ് റെയില്‍വേ സ്റ്റേഷന് സമീപം തെക്കന്‍ ലണ്ടനില്‍ നിന്നും 45 മൈല്‍ അകലെയാണ് അപകടമുണ്ടായതെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് അറിയിച്ചു.

മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്. ഇതില്‍ യാത്ര ചെയ്തവരെല്ലാം കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. അഗ്നിരക്ഷാസേന, പാരാമെഡിക്കല്‍ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി സേവനങ്ങള്‍ പ്രദേശത്ത് തുടരുന്നുണ്ട്. അപകടത്തില്‍പ്പെട്ട യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ടെന്ന് അസി. ചീഫ് കോണ്‍സ്റ്റബിള്‍ ഇയാന്‍ ഡ്രുമണ്ട് സ്മിത്ത് അറിയിച്ചു. യുകെയുടെ റെയില്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ട്രെയിന്‍ പാളം തെറ്റാനുള്ള കാരണം വ്യക്തമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K