22 August, 2026 12:47:23 PM
ശബരിമല സ്വർണക്കൊള്ള; അജികുമാറിന് ജാമ്യം, പ്രശാന്തിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കേസിൽ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. അതേസമയം, കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് ആരോഗ്യസ്ഥിതി പരിഗണിച്ച് കോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞ 23നാണ് പ്രത്യേക അന്വേഷണ സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. 2019ലെ സ്വർണക്കൊള്ള മറച്ചുവെക്കുന്നതിനായി, പി.എസ്. പ്രശാന്ത് അധ്യക്ഷനായിരുന്ന ദേവസ്വം ബോർഡ് സ്വർണം പൂശുന്നതിനെന്ന പേരിൽ ബന്ധപ്പെട്ട പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് കൈമാറിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
ഹൈക്കോടതിയെ അറിയിക്കാതെയും മുൻകൂർ അനുമതി തേടാതെയുമാണ് പാളികൾ വീണ്ടും സ്വർണം പൂശുന്നതിനായി കൈമാറിയതെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. എന്നാൽ, കോടതിയുടെ മുൻകൂർ അനുമതി തേടാതിരുന്നത് സാങ്കേതിക പിഴവ് മാത്രമാണെന്നായിരുന്നു പി.എസ്. പ്രശാന്തിന്റെ വിശദീകരണം.
പ്രതികളുടെ വാദങ്ങൾ അംഗീകരിക്കാതെയാണ് പ്രത്യേക അന്വേഷണ സംഘം നടപടികളിലേക്ക് നീങ്ങിയത്. ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി.എസ്. പ്രശാന്തിന്റെയും എ. അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.







