11 September, 2026 07:53:34 PM


കുറവിലങ്ങാട് ഷാപ്പിൽ നിന്ന് 127 ലിറ്റർ സ്പിരിറ്റും 57 ലിറ്റർ കള്ളും പിടിച്ചെടുത്തു



കോട്ടയം : കോട്ടയം കുറവിലങ്ങാട് കുടക്കച്ചിറയിൽ എക്സൈസിന്റെ വൻ സ്പിരിറ്റ് വേട്ട. 127 ലിറ്റർ സ്പിരിറ്റും 57 ലിറ്റർ കള്ളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഷാപ്പ് നടത്തിപ്പുകാരൻ മാത്യു എം കെ (51), ജീവനക്കാരൻ പ്രിൻസ് മാത്യു എന്നിവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഷാപ്പ് ലൈസൻസി ജോസഫ് മാത്യുവിന് എതിരെ കേസ് രജിസ്റ്റർ ചെയ്തു. സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന വാഹനവും പിടിച്ചെടുത്തു.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെ അസി എക്‌സൈസ് കമ്മിഷണർ എസ് സഞ്ജീവ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറവിലങ്ങാട് റേഞ്ചിൽപ്പെട്ട കുടയ്ക്കച്ചിറ ഷാപ്പിൽ പരിശോധന നടത്തിയത്. ഷാപ്പിൽ നിരന്തരം സ്പിരിറ്റ് എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നുമാസത്തോളമായി എക്സൈസ് സംഘം സ്ഥലത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. തുടർന്നാണ് ഇന്ന് പുലർച്ചെ ഷാപ്പിൽ പരിശോധന നടത്തിയത്. നാല് കന്നാസുകയിലായാണ് 127 ലിറ്റർ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു.

കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി എൽ ഷിബുവിൻ്റെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്. അസി എക്‌സൈസ് കമ്മിഷണർ എസ് സഞ്ജീവ് കുമാറിൻ്റെ നേതൃത്വത്തിൽ , എക്‌സൈസ് ഇൻസ്പെക്ടർ ദർശക് ആർ , , കോട്ടയം എക്സൈസ് എൻ ഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി.ആനന്ദ രാജ്, അസി.എക്സൈസ് ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർമാരായ അഫ്‌സൽ കെ, സിവിൽ എക്സൈസ് ഓഫിസർമാരായ ദീപക് , ജിഷ്ണു , എക്‌സൈസ് ഡ്രൈവർ ബിപിൻ ജോയി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936