09 September, 2026 09:56:57 AM


പാലായിൽ പൊലീസുകാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം; കഞ്ചാവുമായി 3 പേർ പിടിയിൽ



പാലാ: കഞ്ചാവ് കടത്ത് ചോദ്യം ചെയ്ത പൊലീസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘം പിടിയിൽ. പാലാ ആർ. വി. ജംഗ്ഷനിൽ വാഹന പരിശോധനയ്ക്കിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എറണാകുളത്തുനിന്നും ഈരാറ്റുപേട്ടയിലേക്ക് വിൽപനയ്ക്കായി കൊണ്ടുവന്ന 400 ഗ്രാം കഞ്ചാവുമായി ഈരാറ്റുപേട്ട നടക്കൽ കണിയാംകുന്നേൽ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ, എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ അഭിലാഷ് എം. എസ്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് സംഘം കൈകാണിച്ചെങ്കിലും നിർത്താതെ പോകാൻ ശ്രമിക്കുകയും, ഇത് തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥന്റെ മേൽ വാഹനം മനപ്പൂർവ്വം ഇടിച്ചു കയറ്റുകയുമായിരുന്നു.

പിടിയിലായ പ്രതികൾക്കെതിരെ മുൻപും വിവിധ സ്റ്റേഷനുകളിൽ നിരവധി ലഹരികടത്ത് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതര ജില്ലകളിൽ നിന്നും വൻതോതിൽ ലഹരിവസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇപ്പോൾ പിടിയിലായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ലഹരി മാഫിയക്കെതിരെ ജില്ലയിൽ ശക്തമായ പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934