30 September, 2026 08:09:59 PM
പാലാ നഗരസഭാ യോഗത്തിൽ ചെയർപേഴ്സന്റെ മൈക്ക് തട്ടി മാറ്റി; ബിനു പുളിക്കകണ്ടത്തിനെതിരെ പരാതി

പാലാ : പാലാ നഗരസഭ കൗൺസിൽ യോഗത്തിനിടെ ചെയർപേഴ്സൺ മായ രാഹുലിന്റെ മൈക്ക് തട്ടി മാറ്റിയ സംഭവത്തിൽ കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെതിരെ പൊലീസ് പരാതി (Pala Municipality). നഗരസഭാ ചെയർപേഴ്സൺ മായ രാഹുലാണ് പാലാ പൊലീസിൽ പരാതി നൽകിയത്.
കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ സംസാരിക്കുന്നതിനിടെയാണ് ബിനു പുളിക്കകണ്ടം മൈക്ക് തട്ടി മാറ്റിയത്. നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതികൾ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
സംഭവത്തെ തുടർന്ന് യുഡിഎഫ് കൗൺസിലർമാരും ഡയസിന് മുന്നിലെത്തി പ്രതിഷേധിച്ചു. ഇതിനിടെ അജണ്ടകൾ പാസാക്കിയതായി പ്രഖ്യാപിച്ച ചെയർപേഴ്സൺ മായ രാഹുൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പാലാ നഗരസഭയിൽ നേരത്തെയും ഭരണപക്ഷത്തിനുള്ളിലെ തർക്കങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
നഗരസഭയുടെ പൊതുമുതലിന് നാശനഷ്ടമുണ്ടാക്കിയെന്നും കൗൺസിൽ യോഗത്തിനിടെ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചെന്നുമാണ് പരാതിയിലെ ആരോപണങ്ങൾ. സംഭവത്തെ തുടർന്ന് വനിതാ കൗൺസിലർമാർക്ക് മാനസിക ബുദ്ധിമുട്ടുണ്ടായതായും പരാതിയിൽ പറയുന്നു.
പാലാ നഗരസഭയിലെ ഭരണസമവാക്യങ്ങളിൽ കഴിഞ്ഞ മാസങ്ങളിലായി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ചെയർപേഴ്സൺ മായ രാഹുലിനെതിരെയും ചില കൗൺസിലർമാർക്കെതിരെയും കൂറുമാറ്റവുമായി ബന്ധപ്പെട്ട പരാതികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.





