13 October, 2026 06:52:25 PM
ഈരാറ്റുപേട്ടയിൽ 12.924 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

ഈരാറ്റുപേട്ട: വിൽപ്പനയ്ക്കായി കാറിൽ സൂക്ഷിച്ചിരുന്ന 12.924 ഗ്രാം എംഡിഎംഎ ഈരാറ്റുപേട്ടയിൽ നിന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നടക്കൽ സ്വദേശികളായ റിയാസ് കെ.എം., സിദാം സക്കീർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന KL 58 T 3366 നമ്പർ കാറിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. 2026 ഒക്ടോബർ 12ന് വൈകിട്ട് ആറുമണിയോടെ ഈരാറ്റുപേട്ട വില്ലേജിലെ കോസ് വേ–മുനിസിപ്പൽ ഓഫീസ് റോഡിൽ മക്ക മസ്ജിദിന് സമീപത്താണ് സംഭവം. ഡാൻസാഫ് സംഘം കൈകാണിച്ച് കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ വാഹനം നിർത്താതെ മുന്നോട്ടുപോയി. തുടർന്ന് ഏകദേശം 150 മീറ്ററോളം പിന്നിലേക്ക് റിവേഴ്സ് എടുത്തശേഷം വീണ്ടും മുന്നോട്ടെടുക്കുന്നതിനിടെ കാർ പിക്കപ്പ് വാഹനത്തിൽ ഇടിച്ച് നിർത്തുകയായിരുന്നു. കാറിൽനിന്ന് പുറത്തിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും ഡാൻസാഫ് സംഘം പിന്തുടർന്ന് പിടികൂടി. ഇതിനിടെ ഡാൻസാഫ് സംഘത്തിലെ സി.പി.ഒ. ജോഷിക്ക് നേരെ റിയാസ് ഇഷ്ടികക്കല്ല് എറിഞ്ഞതിനെ തുടർന്ന് ഇടത് കാൽമുട്ടിന് പരിക്കേറ്റു. ഇദ്ദേഹം ഈരാറ്റുപേട്ട പി.എം.സി. ആശുപത്രിയിൽ ചികിത്സ തേടി. കാറിൽ നടത്തിയ പരിശോധനയിൽ 12.924 ഗ്രാം എംഡിഎംഎ കണ്ടെത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.





