15 September, 2026 01:00:35 PM
മദ്യപിച്ച് ബൈക്കോടിച്ച് ആംബുലൻസിലിടിച്ചു; പത്തനംതിട്ടയില്‍ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയില്‍ മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ പ്രവീണ്‍ കുമാറാണ് കോന്നി പൊലീസിന്റെ പിടിയിലായത്. പ്രവീൺകുമാർ ഓടിച്ച ബൈക്ക് നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ രാത്രി കോന്നി കൊന്നപ്പാറയിലായിരുന്നു അപകടം. നാട്ടുകാരാണ് പ്രവീണിനെ തടഞ്ഞുവെച്ച് പൊലീസിനെ ഏല്‍പ്പിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആംബുലൻസിലേക്ക് പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്ന പ്രവീണിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസ്ഥലത്ത് നേരെ നിൽക്കാൻപോലും കഴിയാത്തവിധം മദ്യപിച്ചിരുന്ന പ്രവീൺ കുമാറിനെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കോന്നി പൊലീസിന് കൈമാറുകയുമായിരുന്നു.






