18 September, 2026 09:11:07 AM


പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി അധിക്ഷേപിച്ചു; യുട്യൂബർ അറസ്റ്റിൽ



കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കുട്ടിയെക്കുറിച്ച് സമൂഹമാധ്യമ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തിൽ യുട്യൂബറായ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്ത്(36) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനോടുള്ള വിരോധം കാരണം കുട്ടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് അറസ്റ്റ്.

വടക്കർ പറവൂർ പൊലീസ് ആണ് പോക്സോ കേസും ഐടി ആക്ടിലെ വിവിധ വകുപ്പുകളും ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. രമ്യ ഷിംജിത്ത് സുഹൃത്തിന്റെ മകൾക്കെതിരെയാണ് അധിക്ഷേപം നടത്തിയത്. മുൻപ് സുഹൃത്തുക്കളായിരുന്ന ശേഷം പിണങ്ങിയതോടെ കുട്ടിക്കെതിരെ വ്യാജ ലൈംഗിക ആരോപണവുമായി രമ്യ വിഡിയോ പോസ്റ്റ് ചെയ്തെന്നാണ് കേസ്. നിരന്തരം വിഡിയോകൾ ഈ വിഷയത്തിൽ വന്നതോടെയാണ് സുഹൃത്ത് കേസ് നൽകിയത്.

വ്യാഴാഴ്ച പുലർച്ചെ കണ്ണൂർ ഇരിട്ടിക്കടുത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് രമ്യയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് ആദ്യം വഴങ്ങിയില്ലെങ്കിലും ഒടുവിൽ കോടതിയുടെ അറസ്റ്റ് വാറണ്ട് പൊലീസ് കാണിച്ചതോടെയാണ് വഴങ്ങിയത്. പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഉണ്ടായ ബഹളവും പിന്നീട് പോലീസ് വാഹനത്തിൽ കൊണ്ടുപോകുമ്പോൾ പോലീസിനെ ഭീഷണിപ്പെടുത്തുന്നതും രമ്യ ഷിംജിത്ത് തന്നെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഇവർ സമൂഹമാധ്യമത്തിൽ സംസാരിക്കുന്ന നിരവധി ലൈവ് വിഡിയോകൾ അന്വേഷണത്തിന്റെ ഭാഗമായി പോലീസിനു ലഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചതിന് രമ്യയുടെ പരാതിയിൽ കുട്ടിയുടെ അമ്മക്ക് എതിരെ മുൻപ് തൊട്ടിൽ പാലം പോലീസ് കേസ് എടുത്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302