07 November, 2026 02:15:55 PM


എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് സാംബശിവ റാവുവിന്റെ റിപ്പോർട്ട്



തിരുവനന്തപുരം: എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി പടിയിറങ്ങുംമുന്‍പ് എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എസ് വിനോദിനും ഡെപ്യൂട്ടി കമ്മീഷണര്‍ അജയ്ക്കുമെതിരെ മാസപ്പടി, അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പടെ കണ്ടെത്തലുകള്‍. വെള്ളിയാഴ്ചയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് സാംബശിവറാവു സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇരുവരും ബാറുകളില്‍ നിന്നും മാസപ്പടി വാങ്ങുന്നതും, ലൈസന്‍സ് പുതുക്കാന്‍ സഹായിച്ച് കൈക്കൂലി ഈടാക്കുന്നതും, ബെനാമി ഇടപാടിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. വിജിലന്‍സ് അന്വേഷണത്തിനുള്ള ശുപാര്‍ശ നല്‍കിയതിനൊപ്പം അനധികൃത പണപ്പിരിവിന് സാധ്യതയുള്ള പദവികളിലൊന്നും ഇരുവര്‍ക്കും ചുമതല നല്‍കരുതെന്നുമാണ് നിര്‍ദേശം.

സെന്‍ട്രല്‍ സോണ്‍ ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ വിനോദിനെതിരെ ഗുരുതര കോഴ ആരോപണവും തെളിവുമുണ്ട്. ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് ഇടനിലക്കാരനാവുന്നു. അരലക്ഷം വരെയാണ് പല ബാറുടമകളില്‍ നിന്നും കൈക്കൂലിയായി വാങ്ങുന്നത്. പണം കൈമാറിയവരുടെ ബാങ്ക് രേഖകള്‍ തെളിവാണ്. പാലക്കാട് അണക്കപ്പാറയില്‍ വ്യാജ കള്ളും, സ്പിരിറ്റും പിടികൂടിയ കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥരും, ഷാപ്പ് ലൈസന്‍സികളും തമ്മിലുള്ള അവിശുദ്ധ ഇടപാടില്‍ ഏറ്റവും കൂടുതല്‍ തുക കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനായി വിജിലന്‍സ് കണ്ടെത്തിയെങ്കിലും സ്വാധീനം ഉപയോഗിച്ച് വിനോദ് രക്ഷപ്പെടുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന ആലപ്പുഴയിലെ എക്‌സൈസ് ഡപ്യുട്ടി കമ്മിഷണര്‍ അജയിയെ സംബന്ധിച്ചും ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ആലപ്പുഴ കായംകുളം കുറ്റിച്ചിറയിലുള്ള റോമ സെന്റര്‍ എന്ന ബാറില്‍ ഇന്‍സ്‌പെക്ഷന് പോകുമ്പോള്‍ ബാര്‍ ഉടമ രതീഷ് 30,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.  ഓണം കഴിഞ്ഞതിന് ശേഷം ഇതേ ബാറില്‍ നിന്ന് ലൈസന്‍സ് പുതുക്കുന്നതിനായി 20,000 രൂപ വാങ്ങിയെന്നും വിവരം നല്‍കിയ ആള്‍ സാംബശിവ റാവുവിനോട് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയുമായി ബാര്‍ ഉടമ രതീഷിന് അടുത്ത ബന്ധമായതിനാല്‍ അദ്ദേഹം ചോദിച്ചാല്‍ സത്യം പറയുമെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ക്രമവിരുദ്ധമായി കള്ള് ഷാപ്പിനായുള്ള ഒരു ലൈസന്‍സ് രണ്ട് കെട്ടിടങ്ങള്‍ക്ക് നല്‍കി എന്ന ആരോപണവും അജയ്‌ക്കെതിരെ റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931