18 November, 2026 09:46:12 AM


ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി



തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡിസിസി അംഗം സുഹൈല്‍ ഷാജഹാനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഇയാളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സുഹൈല്‍ ഷാജഹാനെ പുറത്താക്കിയത്. തിരുവനന്തപുരം ഡിസിസി അംഗമായിരുന്നു സുഹൈല്‍ ഷാജഹാന്‍. കെപിസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തനാണ് നടപടി സ്വീകരിച്ചത്.

തിരുവനന്തപുരത്തെ ഇന്‍ഫെര്‍ട്ടിലിറ്റി ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാണ് കേസ്. ആശുപത്രിക്കെതിരെ വ്യാജവാര്‍ത്ത ചെയ്യുമെന്നായിരുന്നു ഭീഷണി. ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരെ 'ചങ്ങാതിക്കൂട്ടം' എന്ന സോഷ്യല്‍ മീഡിയ പേജില്‍ സുഹൈല്‍ ഷാജഹാന്‍ നേരത്തെ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോ നീക്കം ചെയ്യുന്നതിനാണ് ഇയാള്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടത്.

സ്ഥാപന ഉടമ വഴങ്ങാത്തതിനെ തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതോടെ ആശുപത്രി ഉടമ പേട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദേശപ്രകാരം പണം നല്‍കാമെന്നും ആശുപത്രിയിലേക്ക് വരാനും സുഹൈല്‍ ഷാജഹാനോട് ഉടമ ആവശ്യപ്പെട്ടു. അതനുസരിച്ച് ഇന്നലെ രാവിലെ 11 മണിയോടെ ആശുപത്രിയില്‍ എത്തിയപ്പോള്‍ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305