16 January, 2016 11:28:51 PM


കര്‍ണ്ണന്‍ ; മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രവുമായി ആര്‍.എസ് വിമലും പൃഥ്വിയും



ദുബായ് : സിനിമാ ജീവിതത്തില്‍ ഏറ്റവും വലിയ വാണിജ്യവിജയം സമ്മാനിച്ച സംവിധായകനായ ആര്‍.എസ് വിമലിനോടൊപ്പം പൃഥ്വിരാജ് വീണ്ടും ഒന്നിക്കുന്നു.  കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന കര്‍ണ്ണന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് പൃഥ്വിയും ആര്‍.എസ് വിമലും വീണ്ടും ഒന്നിക്കുന്നത്. 


മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന  സിനിമയുടെ പ്രഖ്യാപനം  ദുബായ് ബുര്‍ജ് അല്‍ അറബിലെ അല്‍ ഫലാക് ബോളില്‍ നടന്നു. മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടവയില്‍ ഏറ്റവും ചിലവ് കൂടിയ സിനിമയായിരിക്കും കര്‍ണ്ണന്‍.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററും ചടങ്ങില്‍ പുറത്തുവിട്ടു.


പോയവര്‍ഷം വമ്പന്‍ വിജയമായ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍.എസ് വിമല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കര്‍ണ്ണന് വന്‍ പ്രേക്ഷക പ്രതീക്ഷയാണുള്ളത്.  ഈ സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതിനായി കഴിവുള്ള ഒരു പറ്റം നടീ നടന്മാരെയും ഇന്ത്യയില്‍നിന്നും ഹോളിവുഡില്‍നിന്നുമുള്ള സാങ്കേതിക പ്രവര്‍ത്തകരെയും ഒരുമിച്ചു കൊണ്ടു വരുന്നുണ്ടെന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു. സിനിമയുടെ തിരക്കഥാജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഷൂട്ടിംഗ് ആരംഭിക്കുമെന്നും ആര്‍എസ് വിമല്‍ പറഞ്ഞു. കര്‍ണ്ണന്റെ ഫസ്റ്റ്‌ലുക്ക് ടീസര്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K