03 March, 2017 04:56:55 PM


വിവാഹം വേണ്ടെന്നുവച്ചതിന്‍റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി വിജയലക്ഷ്മി




വൈക്കം: സന്തോഷിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി വൈക്കം വിജയലക്ഷ്മി.  സന്തോഷ് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് വിജയലക്ഷ്മി പറയുന്നു. സന്തോഷിന് എന്നോട് ദേഷ്യം മാത്രമാണ്  ഉണ്ടായിരുന്നത്. എന്നോട് സ്നേഹമുണ്ടെന്ന് തോന്നിയതേയില്ല. എന്നെ വിവാഹം ചെയ്യുന്നത് ഒരു ഔദാര്യംപോലെയാണ് തോന്നിയത്. 


ഇക്കാര്യം ഞാന്‍ എന്‍റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. പക്ഷേ, അവര്‍ ആശ്വസിപ്പിച്ചു. അങ്ങനെയാവില്ലെന്നും ഒരുമിച്ച്‌ ജീവിച്ചുതുടങ്ങിയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ, പിന്നീടൊരു ദിവസം എന്നോട് കച്ചേരിയും സിനിമയിലെ ഗാനാലാപനവും നിര്‍ത്തണമെന്ന് പറഞ്ഞു. പാട്ടുനിര്‍ത്താനാവില്ലെന്ന് ഞാന്‍ പറഞ്ഞു. സംഗീതമില്ലെങ്കില്‍ എന്‍റെ ശ്വാസം തന്നെ നിലച്ചുപോകും.


അന്ധയെന്ന നിലയില്‍ കളിയാക്കുന്ന സ്ഥിതിപോലും ഉണ്ടായി. എന്‍റെ ആ കുറവ് നോക്കിയാല്‍ ഞാന്‍ നേടിയത് ഒന്നുമല്ലെന്നായിരുന്നു അയാളുടെ നിലപാട്. ഞാന്‍ അന്ധയെന്ന നിലയില്‍ തന്നെ പെരുമാറണമെന്ന അഭിപ്രായവുമുണ്ടായി. ദിവസം ചെല്ലുന്തോറും കൂടുതല്‍ കയ്പേറിയ അനുഭവങ്ങളാണ് ഫോണ്‍ സംഭാഷണങ്ങളില്‍ ഉണ്ടായത്. അതോടെ ഞാനും ഫോണിലൂടെ ദേഷ്യപ്പെട്ടു. ഞാനാകെ തളര്‍ന്നുപോയി. അയാളുടെ അധികാരം സ്ഥാപിക്കലും അധിക്ഷേപിക്കലും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.



വിവാഹം വേണ്ടെന്നുവച്ച രാത്രി എനിക്കൊരു കച്ചേരിയുണ്ടായിരുന്നു. അന്നത്തെ ആ കച്ചേരിയോളം ആസ്വദിച്ച്‌ സമീപകാലത്തൊന്നും ഞാന്‍ പാടിയിട്ടില്ല. ഞാന്‍ സ്വതന്ത്രയായതുപോലെ തോന്നി. എന്നെ ചുറ്റിവരിയുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞതുപോലെ. അന്ന് ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങിയെന്നും വിജയലക്ഷ്മി പറയുന്നു.



മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായിക എന്നതില്‍ ചലച്ചിത്രലോകത്ത് തന്റെയായി ഇടം കണ്ടെത്തിയ വിജയലക്ഷ്മി വിവാഹിതയാവാന്‍ പോകുന്നു എന്ന വാര്‍ത്ത എല്ലാവരും സന്തോഷത്തെടെയാണ് സ്വീകരിച്ചത്. പ്രവാസിയായ സന്തോഷുമായുള്ള വിവാഹനിശ്ചയവും നടന്നു. എന്നാല്‍ പിന്നീട് ഒരു സുപ്രഭാതത്തില്‍ നിശ്ചയിച്ച വിവാഹത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. സന്തോഷുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമെന്ന് പറഞ്ഞെങ്കിലും വിജയലക്ഷ്മി കൂടുതല്‍ വിശദീകരണങ്ങള്‍ നടത്തിയിരുന്നില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 10.9K