18 March, 2019 11:15:15 AM


ദുര്യോധനന് കാണിക്ക മദ്യം; കൊല്ലം പോരുവഴി ക്ഷേത്രത്തിൽ നടവരവായി ലഭിച്ചത് 101 ഓൾഡ് മങ്ക് കുപ്പികൾ



കൊല്ലം: വിചിത്രമായ ഒരു ആചാരം നടക്കുന്ന ക്ഷേത്രമുണ്ട് കൊല്ലം ജില്ലയില്‍. ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ഏക ദുര്യോധന ക്ഷേത്രമായ കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുതി മലനട ക്ഷേത്രത്തില്‍ ഭഗവാന് കാണിക്കയായി സമർപ്പിക്കപ്പെട്ടത് വിദേശമദ്യം. ക്ഷേത്രത്തില്‍ മാര്‍ച്ച് 22ന് നടക്കുന്ന ഉത്സവാഘോഷത്തിന് മുന്നോടിയായി കിട്ടിയ നടവരവില്‍ ഏറ്റവും ശ്രദ്ധേയമായത് മദ്യകുപ്പികളാണ്.  


ഒന്നും രണ്ടുമല്ല ഓള്‍ഡ് മങ്കിന്‍റെ 101 കുപ്പിയാണ് നടവരവായി ക്ഷേത്രത്തിലേക്ക് ലഭിച്ചത്. വടക്കന്‍ കേരളത്തില്‍ തെയ്യങ്ങള്‍ കെട്ടിയാടുമ്പോള്‍ നാടന്‍ കള്ള് ഉപയോഗിക്കുക പതിവാണ്. എന്നാല്‍ 1954ല്‍ ഉത്പാദനം തുടങ്ങിയ 42.8 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഓള്‍ഡ് മങ്ക് ഇവിടെ ക്ഷേത്രത്തിലെ നടവരവായതിന് പല കഥകളാണ് പ്രചരിക്കുന്നത്. 


കൗരവരില്‍ ദുര്യോധനന്‍ മുതല്‍ 101 പേര്‍ക്കും മലനട ഗ്രാമത്തില്‍ ക്ഷേത്രങ്ങളുണ്ട്. ഈ 101 പേര്‍ക്കായാണ് 101 കുപ്പി റം കാഴ്ചവെക്കുന്നത്. പാണ്ഡവരെ ഇല്ലാതാക്കാന്‍ ഇറങ്ങിത്തിരിച്ച ദുര്യോധനന് മലനടയിൽ എത്തിയപ്പോള്‍ ദാഹം തോന്നി. അടുത്തുള്ള വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോള്‍ വീട്ടുകാരി കള്ളാണ് നല്‍കിയത്. ഇതിന്‍റെ സ്മരണയ്ക്കായാണ് ഇപ്പോള്‍ ഓള്‍ഡ് മങ്ക് ക്ഷേത്രത്തിലേക്ക് നല്‍കുന്നത്. ഏതായാലും കാലങ്ങളായുള്ള ആചാരമാണ്. അതിനാല്‍ അത് തെറ്റിക്കരുതെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K