05 July, 2019 09:49:33 PM


കൊല്ലം ജില്ലയിലെ ആദ്യ വാട്ടര്‍ എടിഎം നിലമേല്‍ പഞ്ചായത്തില്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകും




കൊല്ലം: ജില്ലയിലെ ആദ്യ വാട്ടര്‍ എടിഎം നിലമേല്‍ പഞ്ചായത്തില്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നാണ് വാട്ടര്‍ എടിഎമ്മുകള്‍ സജ്ജീകരിക്കുക. ആറുതവണ ശുദ്ധീകരിച്ച വെള്ളമാണ് ഇതുവഴി ലഭിക്കുന്നത്. പൂര്‍ണമായും ശുദ്ധീകരിച്ച കുടിവെള്ളം ആധുനിക രീതിയില്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. ഒരു ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളത്തിന് അഞ്ചു  രൂപയാണ് വില. വെള്ളം ശേഖരിക്കാനുള്ള പാത്രം കൊണ്ടുവരണം എന്നു മാത്രം.

പത്തു രൂപയ്ക്ക് അഞ്ച് ലിറ്റര്‍ വെള്ളവും 20 രൂപയ്ക്ക് 10 ലിറ്റര്‍ വെള്ളവും 40 രൂപയ്ക്ക് 20 ലിറ്റര്‍ വെള്ളവും ലഭിക്കും. വ്യത്യസ്ത അളവുകള്‍ക്ക് വ്യത്യസ്ത ടാപ്പുകളാകും ഉണ്ടാകുക. 800 ലിറ്റര്‍  സംഭരണശേഷിയുള്ള ടാങ്കാണ് എ ടി എമ്മിനായി സജ്ജീകരിക്കുന്നത്. 24 മണിക്കൂറും  ഇതിലൂടെ കുടിവെള്ള വിതരണം ഉണ്ടാവും. സിസിടിവി ക്യാമറകളും വാട്ടര്‍ എടിഎമ്മിന്റെ സുരക്ഷക്കായി ക്രമീകരിക്കും. നാണയങ്ങള്‍ക്ക് പുറമെ പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന സ്മാര്‍ട്ട് കാര്‍ഡും ഉപയോഗിക്കാം. ഇവ മൊബൈല്‍ വഴി റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ടാവും. വ്യാപാരികള്‍ക്കും വീടുകള്‍ക്കും ആയിരിക്കും സ്മാര്‍ട്ട് കാര്‍ഡുകള്‍ ഏറെ പ്രയോജനം ചെയ്യുക. ഇതിനായുള്ള ജലം ലഭ്യമാക്കുന്നത് പഞ്ചായത്ത് നേരിട്ടാണ്.

കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന  അക്കോഡ് അക്വാ എന്‍ജിനീയേര്‍സാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എ ടി എം നിര്‍മാണത്തിനുള്ള മൂലധനം പൂര്‍ണമായും കമ്പനി തന്നെയാണ് ചെലവഴിക്കുന്നത്. സ്ഥാപനവുമായി അഞ്ചുവര്‍ഷത്തേക്കാണ് പഞ്ചായത്തിന്റെ ധാരണ. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ഈ സംരംഭം വിജയകരമായാല്‍ പഞ്ചായത്തിലെ മറ്റു പൊതു ഇടങ്ങളിലേക്കും വാട്ടര്‍ എടിഎമ്മുകള്‍ വ്യാപിപ്പിക്കുമെന്ന് നിലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എം റാഫി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K