13 October, 2019 09:58:11 PM


വിഷവാതകം ശ്വസിച്ച് കൊട്ടാരക്കരയില്‍ യുവാവ് മരിച്ചു; അപകടം സ്വന്തം ലോഷൻ നിർമ്മാണ സ്ഥാപനത്തിൽ



കൊട്ടാരക്കര : ലോഷൻ നിർമ്മാണ സ്ഥാപനത്തിൽ ശൂക്ഷിച്ചിരുന്ന രാസ ദ്രാവകത്തിന്‍റെ കന്നാസ് തുറക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് യുവാവ് മരിച്ചു. ഇടയ്ക്കിടം റോഡ് വിളവീട്ടിൽ ടി. സുഭാഷ് (42) ആണ് മരിച്ചത്. സുഭാഷിന്‍റെ ഉടമസ്ഥതയിലുള്ള ഇടയ്ക്കിടം ജംഗ്ഷന് സമീപത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ലോഷൻ നിർമ്മിക്കുന്നതിനായി രാസ ദ്രാവകം സ്കൂഷിച്ചിരുന്ന കന്നാസ്‌ തുറക്കുനതിനിടെ വിഷവാതകം സുഭാഷിന്‍റെ മുഖത്തേക്ക് അടിക്കുകയായിരുന്നു. സുഭാഷ് ബോധരഹിതനായി വീഴുന്നത് കണ്ട മാതാവ് ദേവകിയുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.


പിതാവ് തങ്കപ്പന്‍റെ മരണ ശേഷം സ്ഥാപനം സുഭാഷ് ഏറ്റെടുത്ത് നടത്തി വരികയായിരുന്നു. കൊല്ലം രാമൻകുളങ്ങരയിലെ ഭാര്യവീട്ടിൽ താമസിച്ച് വരികയായിരുന്ന സുഭാഷ് ഞായറാഴ്ചകളിൽ സ്ഥാപനത്തിലെത്തിയാണ് ലോഷൻ നിർമ്മാണം നടത്തിയിരുന്നത്. കോതമംഗലത്തെ ഒരു സ്കൂളിൽ താത്കാലിക ജീവനക്കാരനായിരുന്നു സുഭാഷ്. അനിതയാണ് ഭാര്യ. മക്കൾ: അശ്വിൻ കൃഷ്ണ, ആര്യ നന്ദ. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ. എഴുകോൺ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K