05 February, 2020 03:20:14 PM


കൊറോണ വൈറസ് : ആരോഗ്യ വകുപ്പിലെ ഡ്രൈവർമാർക്ക് പരിശീലനം നൽകി



കൊച്ചി : കൊറോണ വൈറസ് ബാധ പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിലെ ഡ്രൈവർമാർക്ക് പരിശീലനം നൽകി. കൊറോണ വൈറസ് ബാധയെ നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും അഡീഷനൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ് ശ്രീദേവി പറഞ്ഞു.


നാഷണൽ ഹെൽത്ത് മിഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിക്ക് ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍. ശ്രീനിവാസന്‍, ഡോ.ഷെറിൻ ജോസഫ് സേവ്യർ, ജനറൽ ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ് യു. അനുപമ എന്നിവർ നേതൃത്വം നൽകി. രോഗികളുമായി ഇടപഴകുമ്പോൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്നും പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് ( പി പി ഇ ) കിറ്റ് എങ്ങനെ ഉപയോഗിക്കണമെന്നും പരിശീലന പരിപാടിയിൽ പരിചയപ്പെടുത്തി. സേവനത്തോടൊപ്പം ആരോഗ്യവും ശ്രദ്ധിക്കണം. അതിനാൽ തുടർച്ചയായി കൈ വൃത്തിയായി കഴുകണം.


നിർബന്ധമായും ഡബിൾ ലെയർ മാസ്ക് ഉപയോഗിക്കണം. മാസ്ക് നെഞ്ചിൽ വെയ്ക്കരുത്. ഒരു തവണ ഉപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കരുത് എന്നീ നിർദ്ദേശങ്ങളും നൽകി. ഷൂ കവർ, എൻ 95 മാസ്ക്, ഗോഗിൾസ്, ഏപ്രൺ എന്നിവ അടങ്ങിയ പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് ( പി പി ഇ ) കിറ്റ് ഉപയോഗിക്കേണ്ട വിധവും ഉപയോഗ ശേഷം ഡിസ്പോസ് ചെയ്യേണ്ട വിധവും ഡ്രൈവർമാർക്ക് പരിചയപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K