31 March, 2020 11:10:45 AM


റോഡിൽ സാഹസികത; യുവാവിനെ 'ലോക്ക്ഡൗൺ' ചെയ്ത് നാട്ടുകാരും പൊലീസും



കണ്ണൂര്‍: ലോക്ക് ഡൗൺ ലംഘിച്ച് റോഡിൽ അഭ്യാസം കാണിച്ച കാറുടമയെ പോലീസ് സാഹസികമായി പിടികൂടി.  കാസർഗോഡ് വിദ്യാനഗർ ആലമ്പാടി സ്വദേശിയായ സിഎച്ച് റിയാസിനെയാണ് (38) കഴിഞ്ഞ ദിവസം പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. രജിസ്ട്രേഷൻ പൂർത്തിയാകാത്ത പുതിയ കാറുമായി കാസർഗോഡ് നിന്നാണ് റിയാസ് പുറപ്പെട്ടത്.


ദേശീയ പാതയിൽ പലയിടത്തും പോലീസ് കൈ കാണിച്ചിട്ടും കാർ നിർത്തിയില്ല. കണ്ണൂർ ജില്ലയിലേക്ക് കടന്ന് ആലക്കോട്, ശ്രീകണ്ഠാപുരം, പരിയാരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം എല്ലാം കറങ്ങിയതായാണ് വിവരം. ഒരിടത്തും പോലീസിനെ വകവെച്ചില്ല. ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയിലേക്ക് കടന്നതോടെ വേഗത കൂടി. ഈ സമയം സാഹസികനെ പറ്റി പോലീസ് വിവിധ സ്റ്റേഷനുകളിലേക്ക് വിവരങ്ങൾ കൈമാറിയിരുന്നു.


ഒടുവിൽ കണ്ണൂർ ശിവപുരത്ത് വെച്ച് മറ്റൊരു വണ്ടി കുറുകെ ഇട്ട് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു. പിടിയിലായിട്ടും കുതറിമാറാൻ ശ്രമിച്ച യുവാവിനെ കയ്യും കാലും ബന്ധിച്ചാണ് സ്റ്റേഷനിലെത്തിച്ചത്. കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇയാളെ നോട്ടീസ് നൽകി വിട്ടയച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K