17 April, 2020 05:42:20 PM


കെ.എം.ഷാജിയ്ക്ക് പണം നല്‍കിയിട്ടില്ല; കേസ് രാഷ്ട്രീയപ്രേരിതം - സ്കൂള്‍ മുന്‍ മാനേജര്‍

ഷാജിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി



കണ്ണൂര്‍: കെ.എം ഷാജിയ്ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച്‌ അഴീക്കോട് മുന്‍ സ്‌കൂള്‍ മാനേജര്‍ ടി.വി പത്മനാഭന്‍. പണം നല്‍കിയില്ലെന്ന് വിജിലന്‍സിന് മൊഴി നല്‍കിയതായി അദ്ദേഹം പറഞ്ഞതായി സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്യുന്നു. കെ.എം ഷാജിയോ ലീഗ് നേതൃത്വമോ പണം ആവശ്യപ്പെട്ട് തന്നെ സമീപിച്ചിട്ടില്ല. ഇപ്പോള്‍ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും പി.വി പത്മനാഭന്‍ പ്രതികരിച്ചു.


2018 വരെ സ്‌കൂള്‍ മാനേജറും നിലവിലെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയിലും അംഗവുമാണ് പത്മനാഭന്‍. അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. 2017 -ല്‍ അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ 25 ലക്ഷം രൂപ വാങ്ങി എന്ന പരാതിയില്‍ ആണ് നടപടി.കെ.എം ഷാജി എംഎല്‍എക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി.


കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ നടപടിക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി.യും രംഗത്തെത്തി. പ്രതികാര കേസ് എടുത്ത് സർക്കാരിന്റെ വിശ്വാസ്യത തകർക്കരുത്. പ്രതിപക്ഷ ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയാണ് സംസ്ഥാന സർക്കാർ കാണിക്കുന്നത്. അന്വേഷണത്തിന് ഉത്തരവിട്ടത് സർക്കാരിന്റെ പ്രതികാര നടപടിയാണ്. ഷാജിക്ക് എതിരെ ഇപ്പോൾ കേസ് പൊങ്ങി വന്നത് കേസെടുത്തവരുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിക്കുന്നതാണെന്നും കുഞ്ഞാലിക്കു‌ട്ടി ചൂണ്ടിക്കാട്ടി. 


ലോക്ക് ഡൗൺ കാലത്ത് ആളുകൾ നൂറായിരം പ്രശ്നങ്ങൾ നേരിടുമ്പോൾ സർക്കാർ പ്രതിപക്ഷത്തോട് അസഹിഷ്ണുത കാണിച്ച് ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുകയാണ്. ഷാജിക്കെതിരായ പരാതി പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഇപ്പോൾ വാർത്ത ആകേണ്ടത് ജനങ്ങളുടെ പ്രശ്നങ്ങളാണ്. ഇത് ജനങ്ങൾക്ക് എതിരായ യുദ്ധ പ്രഖ്യാപനമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഈ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K