21 April, 2020 07:31:11 PM


കണ്ണൂരിൽ ലോക്ക്ഡൗൺ കർശനമാക്കും; ജനങ്ങൾ വീടുകളിൽ തന്നെ കഴിയണം



തിരുവനന്തപുരം: കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ കണ്ണൂര്‍ ജില്ലയില്‍ ലോക്ക്ഡൗണ്‍ വളരെ കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ കാലയളവില്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ സംസ്ഥാനത്തുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. ഇതുവരെ 104 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.


കണ്ണൂര്‍ ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ 10 പേരില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ഒരു കുടുംബത്തില്‍ 10 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായി. ഇത്തരം പ്രശ്‌നങ്ങള്‍ വന്നപ്പോഴാണ് ജില്ലയില്‍ വ്യാപകമായി പരിശോധന നടത്താന്‍ തീരുമാനിച്ചത്. രോഗലക്ഷണം ഇല്ലെങ്കിലും മാര്‍ച്ച് 12നും ഏപ്രില്‍ 22നും ഇടയില്‍ നാട്ടിലേയ്ക്കു വന്ന പ്രവാസികളുടെയും അവരുടെ അടുത്ത സമ്പര്‍ക്കത്തിലുള്ള മുഴുവന്‍ പേരുടെയും സാമ്പിളുകള്‍ പരിശോധിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്.


ഇപ്പോള്‍ 53 പേര്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ചികിത്സയിലുണ്ട്. പോസിറ്റീവ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലയില്‍ റോഡിലിറങ്ങുന്ന എല്ലാ വാഹനവും ഒരു പൊലീസ് പരശോധനയ്ക്ക് എങ്കിലും വിധേയമാകും എന്ന് ഉറപ്പിക്കുന്നുണ്ട്. പൊലീസ് അനുവദിക്കുന്ന ചുരുക്കം മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമേ തുറക്കാവൂ. 


ഹോട്ട്സ്‌പോട്ട് ആയ തദ്ദേശ സ്ഥാപന പരിധിയിലെ പ്രദേശങ്ങള്‍ പൂര്‍ണമായി സീല്‍ ചെയ്തു. അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കാന്‍ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും കോള്‍ സെന്ററുകള്‍ നിലവിലുണ്ട്. മേയ് മൂന്നു വരെയാണ് നിലവില്‍ ലോക്ക്ഡൗണ്‍ ഉള്ളത്. അതുവരെ നിര്‍ബന്ധമായും വീടുകളില്‍ത്തന്നെ കഴിയാന്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ല എന്ന നിലയില്‍ കണ്ണൂര്‍ ജില്ലയിലെ ജനങ്ങള്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K