15 June, 2020 09:50:47 PM


ലൈംഗിക ആരോപണം; രണ്ട് ഇടവക വികാരിമാർക്ക് തലശ്ശേരി അതിരൂപതയുടെ വിലക്ക്



കണ്ണൂർ: ലൈംഗിക ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ഇടവക വികാരിമാരായിരുന്ന രണ്ട് വൈദികർക്ക് തലശ്ശേരി അതിരൂപതയുടെ വിലക്ക്. തലശ്ശേരി അതിരൂപതയിൽപ്പെട്ട പൊട്ടൻപ്ലാവ് ഇടവകയിലെ വികാരിമാരായിരുന്ന ഫാ. ജോസഫ് പൂത്തോട്ടാൽ, ഫാ. മാത്യു മുല്ലപ്പള്ളി എന്നിവർക്ക് എതിരെയാണ് നടപടി. ഇരു വൈദികർക്കും എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ അന്വേഷണ വിധേയമായി ഇരുവർക്കും പൗരോഹിത്യ ശുശ്രൂഷയിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയതായി വാർത്താക്കുറിപ്പിൽ തലശ്ശേരി അതിരൂപത വ്യക്തമാക്കി.


അതിരൂപതയിലെ തന്നെ അംഗമായ ഫാ. മാത്യു മുല്ലപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ ആരോപണങ്ങൾ ഉൾപ്പെട്ട ഫോൺസംഭാഷണം പുറത്തുവന്ന ദിവസം തന്നെ അന്വേഷണ കമ്മീഷനെ നിയമിക്കകയും അദ്ദേഹത്തെ അജപാലനശുശ്രൂഷയിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തിരുന്നതായും അതിരൂപത അറിയിച്ചു. സന്യാസ സഭാംഗമായ ഫാ. ജോസഫ് പൂത്തോട്ടാലിനെതിരെ നടപടി സ്വീകരിക്കാൻ പ്രസ്തുത സഭയുടെ മേലധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.


സന്മാതൃക നൽകേണ്ട വൈദികരുടെ ഭാഗത്തുനിന്നും വിശ്വാസികൾക്ക് ഇടർച്ചയുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ സംഭവിച്ചതിന് മാപ്പുചോദിക്കുന്നതായും അതിരൂപത വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആരോപണങ്ങൾ അറിഞ്ഞയുടൻ നിയമാനുസൃതമായ നടപടികൾ എടുത്ത അതിരൂപതയ്ക്കെതിരെ നിക്ഷിപ്ത താൽപര്യങ്ങളോടെ ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ അവഗണിക്കണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടു വരാൻ ആവശ്യമായ നിയമനടപടി സ്വീകരിച്ചതായും അതിരൂപത വ്യക്തമാക്കി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K