02 May, 2016 10:16:55 PM


ബി.എസ്.എൻ.എൽ ജീവനക്കാരന്‍ തീകത്തി മരിച്ച നിലയില്‍

കൊല്ലം: അഞ്ചൽ തിരുമുല്ലവാരം ബി.എസ്.എൻ.എൽ ഓഫീസിലെ ഡ്രൈവർ ഗോപി (58) ക്വാർട്ടേഴ്സിലെ മുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഏഴിനാണ് സംഭവം. ക്വാർട്ടേഴ്സിലെ മുറിയിൽ നിന്ന് പുക ഉയരുന്നതുകണ്ട് അയൽക്കാർ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മുറി അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കട്ടിലും വീട്ടുപകരണങ്ങളും കത്തിക്കരിഞ്ഞിട്ടുണ്ട്. 

മകളുടെ പ്രസവ സംബന്ധമായ ആവശ്യങ്ങൾക്കായി ഗോപിയുടെ ഭാര്യ കുമാരിയും മക്കളും അൽപം അകലെയുള്ള വേറൊരു വീട്ടിലായിരുന്നു താമസം. പരസഹായം കൂടാതെ നടക്കാനാവാത്ത അവസ്ഥയിലായിരുന്നു ഗോപി. സിഗരറ്റ് കത്തിക്കാനുള്ള ശ്രമത്തിനിടെ പുതപ്പിന് തീ പിടിച്ചതാകാമെന്നാണ് നിഗമനം. കൊല്ലം വെസ്റ്റ് പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. മക്കൾ: സുനിത, അനിത, അനീഷ്. മരുമക്കൾ: വിശ്വംഭരൻ, അജയൻ, നീതു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K