02 June, 2016 07:54:08 AM


മുഖത്തല സ്കൂള്‍ ദുരന്തം ; കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍


കൊല്ലം: കൊല്ലം മുഖത്തല സ്കൂളില്‍ ഒരു കുട്ടിയുടെ ജീവനെടുത്ത അപകടത്തിന് പിന്നില്‍ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടക്കാത്തതാണെന്ന് കണ്ടെത്തി. സ്കൂളിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള മണ്ണ് കൊണ്ടുള്ള തൂണുകള്‍ പലതും നിലം പൊത്താറായ അവസ്ഥയിലാണ്.

മുഖത്തല എംജി റ്റിഎച്ച്‌എസ് സ്കൂളിന് 60 വര്‍ഷം പഴക്കമാണുള്ളത്. ചെളി കുഴച്ച്‌ വച്ച്‌ വെട്ട്കല്ല് കൊണ്ടാണ് സ്കൂള്‍ വരാന്തയിലെ തൂണുകള്‍ കെട്ടിയിരിക്കുന്നത്. വര്‍ഷങ്ങളായി ഈര്‍പ്പം നിലനിന്ന് വീഴാറായി നില്‍ക്കുന്നവയാണ് ഭൂരിഭാഗവും. വരാന്തയുടെ ഏറ്റവും മൂന്നില്‍ നിന്നിരുന്ന തൂണില്‍ എട്ടാംക്ലാസുകാരന്‍ നിശാന്ത് മഴവെള്ളത്തില്‍ ചവിട്ടാതിരിക്കാന്‍ ഒന്നുപിടിച്ചേയുള്ളൂ. തൂണൊന്നാകെ നിലം പൊത്തി കുട്ടിയുടെ ദേഹത്ത് വീണു.

ഓടിട്ട സ്കൂളില്‍ പല ക്ലാസ്മുറികളും ചോര്‍ന്നൊലിക്കുകയാണ്. വെളളമിറങ്ങി ചുമരുകള്‍ അപകടഭീഷണിയിലാണ്. സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. അവധിക്കാലത്ത് സാധാരണ നടക്കാറുള്ള അറ്റകുറ്റപ്പണികളോ വൃത്തിയാക്കലോ ഇത്തരം സ്കൂളുകളില്‍ നടക്കുന്നില്ല. സര്‍ക്കാരില്‍ നിന്നും കൃത്യമായ ഫണ്ട് വാങ്ങി ഉപയോഗിക്കാത്ത ഇത്തരം സ്കൂളുകളെ കണ്ടുപിടിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K