27 June, 2021 11:10:54 AM


കിരണും കുടുംബവും നിരന്തരം പീഡിപ്പിച്ചിരുന്നു: വിസ്മയയുടെ വെളിപ്പെടുത്തൽ പോലീസിന് കൈമാറി കൗൺസലിങ് വിദഗ്ധൻ



കൊല്ലം: വിസ്മയ ദുരൂഹ സാഹചര്യത്തിൽ മരിച്ച് ഒരാഴ്ച ആകുമ്പോഴും ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നൽകിയ മൊഴി. എന്നാൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തന്നെക്കാൾ അൽപം മാത്രം ഉയരക്കൂടുതലുള്ള ജനൽ കമ്പിയിൽ എങ്ങനെ തൂങ്ങിമരിക്കുമെന്ന സംശയം പൊലീസിനെ തുടക്കം മുതൽ കുഴക്കുകയാണ്. ഇതുവരെ ലഭിച്ച മൊഴികൾ അനുസരിച്ച് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ വിസ്മയയെ കണ്ടതു കിരൺ മാത്രമാണ്. ഇതും ദുരൂഹതകൾ വർധിപ്പിക്കുന്നു.

കിരണിന്റെ വ്യക്തി ജീവിതം, ഔദ്യോഗിക ജീവിതം എന്നിവയെ സംബന്ധിച്ച് വിശദമായ വിവരശേഖരണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻമാർ സ്ഥലത്തെത്തി പരിശോധന നടത്തണമെന്ന് അന്വേഷണസംഘം നിർദേശിച്ചിട്ടുണ്ട്. വിസ്മയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.

കിരണും കുടുംബവും നിരന്തരം പീഡിപ്പിക്കുന്നതുമൂലം തന്റെ പഠനം മുടങ്ങിപ്പോകുന്നതും മറ്റും വിസ്മയ പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കൗൺസലിങ് വിദഗ്ധൻ പൊലീസിനു കൈമാറി. താൻ നേരിടുന്ന നിരന്തര പീഡനങ്ങൾ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വിസ്മയ പലപ്പോഴായി പങ്കുവച്ചിരുന്നു. ഇവരിൽ നിന്നെല്ലാം വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. സ്ത്രീധന പീഡനത്തിന്റെ പരമാവധി തെളിവു ശേഖരിക്കുന്നതിനായി കിരണിനെതിരെ ലഭിക്കാവുന്ന എല്ലാ മൊഴികളും രേഖപ്പെടുത്തണമെന്ന് അന്വേഷണ മേൽനോട്ടം വഹിക്കുന്ന ഐജി ഹർഷിത അട്ടല്ലൂരി നിർദേശിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K