24 August, 2021 06:55:17 PM


ബാങ്കിലെ വരി തെറ്റിച്ചതിന് പിഴ ചുമത്തിയത് ചോദ്യം ചെയ്ത ആൾ മോഷണക്കേസിൽ അറസ്റ്റിൽ



കൊല്ലം: ചടയമംഗലത്ത്  സാമൂഹിക അകലം പാലിക്കാത്തതിന്  നോട്ടീസ് നൽകിയ സംഭവത്തിൽ പോലീസിനെതിരെ ശക്തമായി പ്രതികരിച്ചയാൾ മോഷണ കേസിൽ അറസ്റ്റിൽ. ചടയമംഗലം ഇളമ്പഴന്നൂർ  കോരംകോട് മേലതിൽ വീട്ടിൽ ശിഹാബാണ് പോലീസ് പിടിയിലായത്. ശിഹാബിന് ചടയമംഗലം പോലീസ് പിഴ ചുമത്തിയത് ചടയമംഗലം സ്വാദേശിനിയായ വിദ്യാർത്ഥിനി ഗൗരിനന്ദ ചോദ്യം ചെയ്തത് വലിയ വാർത്തയായിരുന്നു.


കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്നതിന്‍റെ പേരിൽ പിഴ ചുമത്തിയ പോലീസ് നടപടി ഗൗരി നന്ദയ്ക്കൊപ്പം ചടയമംഗലത്ത് ചോദ്യം ചെയ്ത ശക്തമായ ശിഹാബാണ് മോഷണ കുറ്റത്തിന് പിടിയിലായത്. സഹോദരന്റെ വീട്ടിലെ ടെറസ്സിൽ മൂന്ന് ചക്കുകളിലായ് സൂക്ഷിച്ചിരുന്ന 36 കിലോ കുരുമുളകും, ഒരു ചാക്ക് നെല്ലും മോക്ഷണം പോയിരുന്നു. തുടർന്ന് പ്രതിയുടെ ജ്യേഷ്ഠൻ അബ്ദുൾ സലാം കടക്കൽ പോലീസിൽ പരാതി നൽകി. ഷിഹാബിനെ സംശയമുണ്ടെന്നു പരാതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കടക്കൽ പോലീസ് ശിഹാബിന്റെ വീട് പരിശോധിച്ചു. പരിശോധനയിൽ  മോഷണം പോയ ഒരു ചാക്ക് നെല്ല് കണ്ടെത്തുകയായിരുന്നു.


ശിഹാബ് കുരുമുളക് ഓട്ടോറിക്ഷയിൽ നിലമേൽ മുരുക്കുമണ്ണിൽ ഉള്ള കടയിൽ 14,000 ത്തോളം രൂപയ്ക്കു വിറ്റതായും വിവരം ലഭിച്ചു. ശിഹാബിനെ കടയിൽ എത്തിച്ചു കുരുമുളക് കണ്ടെടുത്തു. മുൻപും സമാനമായ  കേസിൽ  അറസ്റ്റിലായിട്ടുണ്ട് ശിഹാബ്.


നേരത്തെ സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ചർച്ചയായ പിഴ ചുമത്തൽ വിവാദത്തിൽ ശിഹാബിനു വേണ്ടിയായിരുന്നു ഗൗരി നന്ദയുടെ ഇടപെടൽ. ഗൗരി നന്ദക്കൊപ്പം ചേർന്നു ശിഹാബും പോലീസ് നടപടിയെ ശക്തമായി ചോദ്യം ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് പെൺകുട്ടിക്കും പിഴ ചുമത്തിയിരുന്നു. സുരേഷ് ഗോപി എംപി അടക്കമുള്ളവർ പെൺകുട്ടിയുടെ വീട്ടിലെത്തി പിന്തുണ നൽകി. പോലീസ് നടപടിയെ എതിർത്ത പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. പിഴ അടക്കില്ല എന്ന നിലപാടായിരുന്നു ഗൗരി നന്ദ സ്വീകരിച്ചിരുന്നത്. ഇതിനിടെയാണ് ഇപ്പോൾ ശിഹാബിന്‍റെ അറസ്റ്റ്.


ഇന്ത്യൻ ബാങ്കിനു മുന്നിൽ ക്യൂ നിന്ന തൊഴിലാളിയായ ഇളമ്പഴന്നൂർ ഊന്നൻപാറ പോരൻകോട് മേലതിൽ വീട്ടിൽ എം ഷിഹാബുദീനെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് 500 രൂപ പെറ്റി ചുമത്തുകയായിരുന്നു. അകലം പാലിച്ചാണ് നിൽക്കുന്നതെന്ന് ഷിഹാബുദീൻ മറുപടി നൽകിയെങ്കിലും പൊലീസ് സമ്മതിച്ചില്ല. തുടർന്ന് വാക്ക് തർക്കമായി. ഇതുകണ്ട് അവിടെയുണ്ടായിരുന്ന ഗൗരി ഷിഹാബുദീനോട് കാര്യം തിരക്കുകയായിരുന്നു.അപ്പോൾ ഗൗരിയ്ക്കും പെറ്റി ചുമത്താൻ പൊലീസ് ശ്രമിച്ചു. ഇതിനെ ചോദ്യം ചെയ്ത പെൺകുട്ടിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.


തുടർന്ന് പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗരിനന്ദയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ ജാമ്യം ലഭിക്കാവുന്ന, കേരള പൊലീസ് ആക്ട്117(ഇ) പ്രകാരമാണ് കേസ് എടുത്തതെന്ന് ഉദ്യോഗസ്ഥർ പിന്നീട് തിരുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K