16 September, 2021 05:55:49 PM


വാക്സിനേഷന്‍: സെപ്റ്റംബര്‍ 30 വരെ കോട്ടയം ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും സ്പോട്ട് ബുക്കിംഗ്



കോട്ടയം: സെപ്റ്റംബര്‍ 30 വരെ ഞായറാഴ്ചയൊഴികെയുള്ള എല്ലാ ദിവസവും ആളുകള്‍ക്ക് നേരിട്ട് കേന്ദ്രങ്ങളിലെത്തി കോവിഷീല്‍ഡ് വാക്സിന്‍  സ്വീകരിക്കാം.  cowin.gov.in  എന്ന പോര്‍ട്ടലില്‍  ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. ഒന്നാം ഡോസ് ഇതുവരെ സ്വീകരിക്കാത്തവര്‍ സെപ്റ്റംബര്‍  18നകം സ്വീകരിക്കേണ്ടതാണ്. 


കോവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്കും ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്‌തോ നേരിട്ടെത്തിയോ  വാക്സിന്‍ സ്വീകരിക്കാം. ജില്ലയിലെ  89 സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളും 22 സ്വകാര്യ ആശുപതികളിലും വാക്സിന്‍ ലഭ്യമാണ്.  ഗുരുതര അലര്‍ജികള്‍ ഉള്ളതുമൂലം സ്റ്റിറോയ്ഡ് ഉപയോഗിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുഉള്ളവര്‍ക്കും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വാക്സിനുകള്‍  സ്വീകരിക്കാവുന്നതാണ്. 


കാന്‍സര്‍, വൃക്കരോഗം, പ്രമേഹം, രക്താദിമര്‍ദ്ദം, പക്ഷാഘാതം തുടങ്ങി ഇതര രോഗങ്ങള്‍ ഉള്ളവര്‍ക്കെല്ലാം വാക്സിന്‍ സുരക്ഷിതമാണ്.  ഇവര്‍ക്ക് കോവിഡ്  ബാധിച്ചാല്‍ ഗുരുതരമാകാനും ആശുപത്രിയില്‍ പ്രവേശിപ്പിച്ച്  ചികിത്സ ആവശ്യമായി വരാനും സാധ്യത ഏറെയാണ്. അതിനാല്‍ ഇവര്‍ എത്രയും വേഗം വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാവുകയും എല്ലാ മാസവും ആരോഗ്യ പരിശോധനകള്‍ കൃത്യമായി നടത്തുകയും നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ തുടരുകയും ചെയ്യണം.


കോവാക്‌സിന്‍ നിലവില്‍ ജില്ലയില്‍ സ്റ്റോക്ക് ലഭ്യമല്ല.  വാക്സിന്‍ എത്തിച്ചെരുന്ന മുറക്ക് വിതരണം ആരംഭിക്കും. ജില്ലയില്‍ 18 വയസിനുമുകളിലുള്ള 14.84 ലക്ഷം പേരാണ് വാക്സിന്‍ സ്വീകരിക്കേണ്ടത്. ഇതില്‍ 14.1 ലക്ഷം പേര്‍ (95 ശതമാനം ) ഇതിനോടകം ഒന്നാം ഡോസ് സ്വീകരിച്ചിട്ടുണ്ട്. ഇവരില്‍ 6.1 ലക്ഷം പേര്‍  (41 ശതമാനം) രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K