28 November, 2021 10:38:36 AM


മദ്യകുപ്പിയെടുത്ത് കൊടുത്തില്ല; യുവതിയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്



കൊട്ടാരക്കര: മദ്യകുപ്പി നോക്കിയെടുത്ത് കൊടുക്കാതെ ഇരുന്നതിന് യുവതിയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. കൊട്ടാരക്കര പുലമണില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പരാതിയെ തുടര്‍ന്ന് പോലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. പുലമണ്‍ ഈയംകുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന ഗീത എന്ന സ്ത്രീയാണ് ഭര്‍ത്താവായ ബിജു നായരുടെ മര്‍ദ്ദനത്തിന് ഇരയായത്. മദ്യക്കുപ്പി നോക്കിയെടുത്ത് കൊടുക്കാത്തതിന് കഴിഞ്ഞ രാത്രിയില്‍ തല ഭിത്തിയില്‍ പിടിച്ച് ഇടിക്കുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തുവെന്ന് ഗീത പറഞ്ഞു.

വെട്ടുകത്തിയെടുത്ത് ഭര്‍ത്താവ് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ വീടിന്‍റെ പിന്‍വാതില്‍ തുറന്ന് ഓടി രക്ഷപ്പെട്ട ഗീത രാത്രിയില്‍ നഗരസഭാ കൗണ്‍സിലറായ പവിജാ പത്മന്‍റെ വീട്ടിലാണ് അഭയം തേടിയത്. ബാങ്കുദ്യോഗസ്ഥനായ ഭര്‍ത്താവ് കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്ഥിരമായി മര്‍ദിക്കാറുണ്ടെന്ന് ഗീത പൊലിസിന് മൊഴി നല്‍കി. എന്നാല്‍, സംഭവമറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന് ആരോപണമുയര്‍ന്നിരുന്നു. പൊലീസെത്തിയിട്ടും മര്‍ദനമേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യറായില്ലെന്നും ആരോപണമുണ്ട്. പിന്നീട് നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K