04 January, 2022 10:14:32 AM


വിവരാവകാശ കമ്മിഷന് തെറ്റായ വിവരങ്ങള്‍ നല്‍കി; പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് 25,000 രൂപ പിഴ



കൊല്ലം: വിവരാവകാശ കമ്മീഷന് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് 25,000 രൂപ പിഴ വിധിച്ചു. ഏഴുകോണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി എസ് ശിവപ്രകാശാണ് തെറ്റായ വിവരങ്ങള്‍ നല്‍കിയത്. ഇളമ്പല്‍ ആരംപുന്ന നിലാവില്‍ മുരളീധരന്‍ പിള്ളയുടെ പരാതിയിലാണ് ഉത്തരവ്. 30 ദിവസത്തിനുള്ളില്‍ പിഴയൊടുക്കി കമ്മീഷന്‍ സെക്രട്ടറിയെ അറിയിക്കണം.

പിഴ ഒടുക്കാത്തപക്ഷം ഇന്‍സ്‌പെക്ടറുടെ ശമ്പളത്തില്‍ നിന്ന് തുക പിടിച്ച് അടയ്ക്കുന്ന കാര്യം ഓഫീസ് മേധാവി ഉറപ്പുവരുത്തണം. അല്ലെങ്കില്‍ സ്ഥാവരജംഗമവസ്തുക്കള്‍ ജപ്തി ചെയ്ത് സംഖ്യ ഈടാക്കണമെന്ന് വിവരവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. 2014 ല്‍ വിവരവകാശ നിയമപ്രകാരം മുരളീധരന്‍ പിള്ള നല്‍കിയ അപേക്ഷയില്‍ ശിവപ്രകാശ് എസ്‌ഐ ആയിരിക്കെ പൂര്‍ണ വിവരം നല്‍കിയില്ല. പരാതി നല്‍കിയതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശിവപ്രകാശിനോട് കമ്മിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെറ്റായ വിവരങ്ങളായിരുന്നു സമര്‍പ്പിച്ചത്.

എന്നാല്‍ പരാതിക്കാരനെതിരെ വിവിധ കേസുകളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട് പക്ഷേ കമ്മീഷന് മുന്നില്‍ ഇത് തെളിയിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന് കഴിഞ്ഞില്ല. അതേസമയം പിഴ ചുമത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് കഴിയാതെ വന്നതോടെയാണ് ഇപ്പോഴത്തെ ഉത്തരവ്. കമ്മീഷനെയും വിവരാവകാശ നിയമത്തെയും അവഹേളിക്കുന്ന സമീപനമാണ് നിയമപാലകനില്‍ നിന്ന് ഉണ്ടായതെന്നും അതിനാലാണ് പരമാവധി ശിക്ഷ നല്‍കുന്നതെന്നും കമ്മീഷന്‍ വിലയിരുത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K