14 July, 2016 02:04:36 PM


മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്ത കടയുടമ മര്‍ദ്ദനമേറ്റ് മരിച്ചു



കൊല്ലം:  ടെക്സ്റ്റൈല്‍സിന് സമീപം മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്ത കടയുടമ മര്‍ദ്ദനമേറ്റ് മരിച്ചു. പോരുവഴി ഇടയ്ക്കാട് കുളക്കണ്ടത്തില്‍ ബാബു വിഹാറിലെ ചന്ദ്രബാബുവാണ് (57) ദാരുണമായി മര്‍ദനമേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലായില്‍ ചികിത്സയിലിരിക്കവെ മരിച്ചത്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയിരുന്നു അന്ത്യം. 


ഇടയ്ക്കാട് ജംഗ്ഷനില്‍ ചന്ദ്രബാബുവിന്റെ തുളസി ടെക്സ്റ്റൈല്‍സിനു സമീപം ചിലര്‍ സ്ഥിരമായി മൂത്രമൊഴിക്കാറുണ്ട്. ഇതേതുടര്‍ന്നുണ്ടാവുന്ന അസഹ്യമായ ദുര്‍ഗന്ധം സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെപ്പോലും ദോഷകരമായി ബാധിച്ചിരുന്നു. ജൂലൈ രണ്ടിന് ഉച്ചയോടെയാണ് മര്‍ദനമേല്‍ക്കാനിടയായ സംഭവം നടന്നത്. സമീപത്തെ ലോറി സ്റ്റാന്‍ഡിലെ പിക്‌അപ്പ് വാന്‍ ഡ്രൈവര്‍ അജി മൂത്രമൊഴിക്കാന്‍ എത്തിയതാണ് പ്രശ്നത്തിന് തുടക്കം. 


ചന്ദ്രബാബു കടയില്‍നിന്ന് ഇറങ്ങിച്ചെന്ന് അജിയോട് അവിടെ മൂത്രമൊഴിക്കരുതെന്ന് പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പ്രകോപിതനായ അജി ചന്ദ്രബാബുവിനെ മര്‍ദ്ദിക്കുകയുണ്ടായെന്നും പോലീസ് പറഞ്ഞു. അജി ചന്ദ്രബാബുവിനെ ചവിട്ടുകയും നെഞ്ചത്ത് അടിക്കുകയും വണ്ടിയുടെ താക്കോല്‍ക്കൂട്ടംകൊണ്ട് മുഖത്തിടിക്കുകയും ചെയ്തു. മൂക്കില്‍ പ്രഹരമേറ്റതോടെ ചന്ദ്രബാബു താഴെ വീണു. ഇതിനിടെ ആളുകള്‍ ഓടിയെത്തി ചന്ദ്രബാബുവിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


ചന്ദ്രബാബു ഹൃദ് രോഗത്തിന് ചികിത്സ നടത്തി വരികയായിരുന്നുവെന്നാണ് വിവരം. അതേസമയം ചന്ദ്രബാബുവും അജിയും തമ്മില്‍ മുന്‍വൈരാഗ്യം ഉണ്ടായിരുന്നോ എന്ന കാര്യത്തെ കുറിച്ചും പോലീസ് അന്വേഷിച്ച്‌ വരുന്നു. സംഭവത്തിനുശേഷം അജി ഒളിവിലാണ്.അതിനിടെ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞദിവസം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തിയിരുന്നു. സുധര്‍മ്മയാണ് ചന്ദ്രബാബുവിന്റെ ഭാര്യ. ആശ, അഞ്ജലി എന്നിവര്‍ മക്കളും രാഹുല്‍ മരുമകനുമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K