20 May, 2017 10:21:24 AM


ഡെങ്കിപ്പനി പടരുന്നു; സ്വകാര്യ ആശുപത്രികള്‍ ചികിത്സാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല



തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ ഡെങ്കിപ്പനി ചികിത്സാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് പരക്കെ പരാതി. ആരോഗ്യമന്ത്രി കെ.കെ ഷൈലജയും ഇത് സ്ഥിതീകരിച്ചു. ചികില്‍സക്കെത്തുന്നവരുടെ കണക്കുകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇത്തരം ആശുപത്രികള്‍ സര്‍ക്കാറിന് നല്‍കുന്നില്ലെന്നും ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു. സംസ്ഥാനത്ത് ഇന്നലെ മാത്രം 106 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.


പനിയുമായെത്തുന്ന രോഗികള്‍ക്കുള്ള ചികിത്സ എങ്ങനെയെന്നത് കൃത്യമായ നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. കിടത്തി ചികിത്സ വേണ്ട സന്ദര്‍ഭങ്ങള്‍, മരുന്നുകളും കുത്തിവയ്പും എങ്ങനെ വേണം ഇതെല്ലാം വിശദമാക്കിയാണ് ചികിത്സാ മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ പണം തട്ടാനുള്ള ഒരു മാര്‍ഗ്ഗമായി കണ്ട് അനാവശ്യചികിത്സാരീതികളിലേക്ക് കടക്കുന്നു. സാധാരണ പനിയായി ആശുപത്രിയില്‍ എത്തിയാലും ഡങ്കിപനിയെന്ന് മുദ്ര കുത്തി രോഗിയെ അഡ്മിറ്റാക്കുകയും അനാവശ്യ പരിശോധനകള്‍ നടത്തി പണം കൈക്കലാക്കുകയുമാണ് രീതി. മരുന്ന്, ഡോക്ടറുടെ ഫീസ്, മുറി വാടക ഇവയ്ക്കു പുറമെ ആശുപത്രിയിലെ വേസ്റ്റ് മാനേജ്മെന്‍റിനുള്ള തുക വരെ രോഗിയുടെ തലയില്‍ കെട്ടിവെക്കുന്നു.


സ്വകാര്യ മേഖലയില്‍ ചികിത്സ തേടുന്ന പല രോഗികളും രോഗം മൂര്‍ച്ഛിച്ച ശേഷം സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നതായാണ് കാണുന്നത്. പനി ബാധിച്ച് ആശുപത്രികളിലെത്തുന്ന രോഗികളുടെ കൃത്യമായ കണക്കുകള്‍ പോലും ഇവര്‍ സര്‍ക്കാരിലേക്ക് നല്‍കാത്ത ആശുപത്രികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറയുന്നു. ഇതിനിടെ സംസ്ഥാനത്ത് ഊര്‍ജിത രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. പകര്‍ച്ചവ്യാധി പരിശോധനകള്‍ക്ക് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജി രംഗത്തെത്തിയിട്ടുണ്ട്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണവും വീടുകള്‍ കയറിയുള്ള ബോധവല്‍ക്കരണവും തുടങ്ങും. കൊതുകുകളെ നശിപ്പിക്കാനുള്ള ഫോഗിങ്ങിനും തുടക്കമായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K