05 March, 2019 08:38:25 PM


സൂര്യാഘാതം; മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍




കോട്ടയം :  ചൂടു കൂടിയ കാലാവസ്ഥയില്‍ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ് അറിയിച്ചു.  കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും അമിത വണ്ണമുള്ളവര്‍ക്കും പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നിവയുള്ളവര്‍ക്കുമാണ് സൂര്യാഘാതമേല്‍ക്കാന്‍ സാധ്യത കൂടുതല്‍.


വെയിലത്ത് ജോലിചെയ്യുമ്പോള്‍ പേശിവലിവ് അനുഭവപ്പെടുന്നതാണ് സൂര്യാഘാതത്തിന്‍റെ പ്രാരംഭലക്ഷണം. കാലുകളിലെയും വയറ്റിലെയും പേശികള്‍ കോച്ചിപ്പിടിച്ച് വേദന അനുഭവപ്പെട്ടാല്‍ തണലുള്ള സ്ഥലത്ത് വിശ്രമിക്കണം.  ധാരാളം വെള്ളം കുടിക്കണം. ഇങ്ങനെ ചെയ്യാതെ ജോലി തുടരുന്നത് സ്ഥിതി ഗുരുതരമാകാന്‍ ഇടയാക്കിയേക്കാം. ഗുരതരാവസ്ഥയില്‍ മനംപുരട്ടല്‍, ഓക്കാനം, ചര്‍ദ്ദി, ശരീരത്തിന്റെ ചൂട് പെട്ടെന്ന് കൂടുക, വിയര്‍ക്കാതിരിക്കുക, ചര്‍മ്മം ചുവന്നുണങ്ങി വരളുക, തലചുറ്റി വീഴുക, ഓര്‍മ്മക്കുറവ്, ബോധക്ഷയം എന്നിവ അനുഭവപ്പെടാം. മരണം സംഭവിക്കാനും സാധ്യതയുണ്ട്.


സൂര്യാഘാതമേല്‍ക്കുന്നവരെ ഉടന്‍തന്നെ തണലത്തേക്ക് മാറ്റണം. വെള്ളത്തില്‍ മുക്കിയ തുണികൊണ്ട് ചൂടു കുറയുംവരെ ശരീരം തുടക്കുകയോ കുളിപ്പിക്കുകയോ ചെയ്യണം. സാധ്യമെങ്കില്‍ എ.സിയുള്ള  മുറിയിലോ ഫാനിനു കീഴിലോ കിടത്തണം. കുടിക്കാന്‍ ധാരാളം വെള്ളം കൊടുക്കണം. ഉപ്പിട്ട കഞ്ഞിവെള്ളമാണ്  നല്ലത്. ഒ.ആര്‍.എസ് ലായനി, കരിക്കിന്‍വെള്ളം എന്നിവ നല്‍കുന്നത് നഷ്ടപ്പെട്ട ലവണങ്ങള്‍ തിരിച്ചു കിട്ടാന്‍ സഹായിക്കും. കട്ടന്‍ കാപ്പിയും കട്ടന്‍ ചായയും  നല്‍കരുത്. ശരീരത്തിലെ ജലാംശം വീണ്ടും നഷ്ടപ്പെടാന്‍ ഇത് കാരണമാകും. രോഗിയെ എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണം. 


രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയില്‍ വെയിലേല്‍ക്കുന്ന് ഒഴിവാക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവര്‍ ഇടയ്ക്ക്  തണലത്ത് വിശ്രമിക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്ക് വെള്ളം കുടിക്കണം. മുതിര്‍ന്നവര്‍ കുടിക്കുമ്പോഴെല്ലാം കുട്ടികള്‍ക്കും വെള്ളം കൊടുക്കണം. വെയിലത്ത് ഇറങ്ങേണ്ടി വന്നാല്‍ കുട ഉപയോഗിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. മദ്യവും ബിയറും കഴിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടാന്‍ ഇടയാക്കും. കാപ്പിയും ചായയും അധികം കുടിക്കരുത്. വീടിന്റെ ജനാലകള്‍ വായു കടന്നുപോകും വിധം  തുറന്നിടണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K