22 April, 2019 01:44:09 PM


സുരേഷ് കല്ലട ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കി: വൈക്കം ബുക്കിംഗ് ഓഫീസ് അടപ്പിച്ചു; പ്രതിഷേധം ഇരമ്പുന്നു



കോട്ടയം: സുരേഷ് കല്ലട ബസിൽ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. ബസിന്‍റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് ഇടതുമുന്നണി പ്രവർത്തകർ അടപ്പിച്ചു. ബുക്കിംഗ് ഓഫീസിൽ ഉണ്ടായിരുന്ന ജീവനക്കാരെ പ്രവർത്തകർ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു. ഇവിടെ നിന്ന് സർവീസ് നടത്താൻ അനുവദിക്കില്ലെന്നും ഇടതുമുന്നണി പ്രവർത്തകർ പറഞ്ഞു. സുരേഷ് കല്ലടയുടെ ബുക്കിംഗ് ഓഫീസുകളിൽ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.


തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലാണ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ചത്. അതിക്രമം നടന്ന ബസിന്‍റെ പെർമിറ്റ് ഗതാഗതവകുപ്പ് റദ്ദാക്കി. ആക്രമണം നടന്ന ബസ് പിടിച്ചെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കമ്പനി ഉടമയെ വിളിച്ചുവരുത്താൻ ഡിജിപി നിർദ്ദേശം നൽകി. സംഭവത്തിൽ ഉടൻ ശക്തമായ ഉണ്ടാകുമെന്നും ഡിജിപി പറഞ്ഞു. തമ്പാനൂർ ഓഫീസിലെ ജീവനക്കാരെ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി. ഇന്നലെയും ഇന്നുമായി സുരേഷ് കല്ലട ബസ് കമ്പനിയുടെ മാനേജരടക്കം മൂന്ന് പേരെ കൊച്ചിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 


കല്ലട അടക്കമുള്ള അന്തർ സംസ്ഥാന ബസുകൾ നിയമാനുസൃതമായാണോ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കാൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കല്ലട ബസിന്‍റെ പെർമിറ്റ് റദ്ദാക്കാൻ ഗതാഗത കമ്മീഷണർ നിർദ്ദേശം നൽകി. കല്ലട അടക്കമുള്ള അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവീസുകളുടെ ബുക്കിംഗ് ഓഫീസുകളിൽ ഉച്ചയ്ക്ക് ശേഷം ഗതാഗത വകുപ്പും പൊലീസും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.


ഇതിനിടെ കല്ലട ബസ് സർവീസിനെതിരെ കൂടുതൽ പരാതികളുമായി ആളുകൾ രംഗത്തെത്തി. സർവകലാശാലാ അധ്യാപികയായ മായാ മാധാവൻ കല്ലട ബസ് സർവീസിൽ നിന്ന് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് പരാതിയുമായി രംഗത്തെത്തി. രാത്രി മുഴുവൻ മകളോടൊപ്പം നടുറോഡിൽ നിർത്തി, ബുക്കിംഗ് ഓഫീസിൽ നിന്ന് ഇറക്കിവിട്ടു, മോശമായി പെരുമാറി എന്നിങ്ങനെയാണ് മായാ മാധവന്‍റെ പരാതി. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K