23 April, 2019 01:12:19 PM


സംസ്ഥാനത്ത് കനത്ത പോളിംഗ്; വോട്ട് രേഖപ്പെടുത്താനെത്തിയ ആറ് പേര്‍ കുഴഞ്ഞു വീണു മരിച്ചു



തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം ശക്തമായ പോളിംഗ്. സാധാരണ നല്ല രീതിയിലുള്ള പോളിംഗ് ഉണ്ടാവാറുള്ള വടക്കന്‍ ജില്ലകള്‍ക്കൊപ്പം ഇക്കുറി തെക്കന്‍ ജില്ലകളിലും നല്ല നിലയിലുള്ള പോളിംഗ് രേഖപ്പെടുത്തി. പത്തനംതിട്ടയിലും വയനാട്ടിലും സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് ആദ്യമണിക്കൂറുകളില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 65 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ പത്തനംതിട്ടയില്‍ ഇന്ന് 12.30 ഓടെ പോളിംഗ് 35 ശതമാനം കടന്നു. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച പോളിംഗാണ് ഉച്ചവരെ വയനാട്ടില്‍ രേഖപ്പെടുത്തിയത്


സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നതിനിടെ 6 പേര്‍ കുഴഞ്ഞ് വീണ് മരിച്ചു. വോട്ട് ചെയ്യാന്‍ വരി നില്‍ക്കുന്നതിനിടയിലാണ് മരണം. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടിൽ ത്രേസ്യാ കുട്ടി (72), കണ്ണൂര്‍ മാറോളി സ്വദേശി വിജയി (64), കൊല്ലം  കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി, മാവേലിക്കര  മറ്റം വടക്ക് പെരിങ്ങാട്ടംപള്ളിൽ  പ്രഭാകരൻ (74)  എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ പാലക്കാട്ടും ഒരാള്‍ കൂടി കുഴഞ്ഞുവീണ് മരിച്ചു.


പാലക്കാട് മലയമ്പള്ളത്താണ് വയോധിക കുഴഞ്ഞുവീണത്. പോളിങ് ബൂത്തില്‍  വിരലില്‍ മഷി പുരട്ടുന്നതിനിടെയായിരുന്നു സംഭവം. പാറപ്പുറം കുമാരനാശാൻ മെമ്മോറിയൽ യുപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിപ്പോഴാണ് ത്രേസ്യാക്കുട്ടി കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൽ രക്ഷിക്കാനായില്ല. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. വടകര മണ്ഡലത്തില്‍പ്പെട്ട പാനൂരിനടുത്ത് ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു വിജയി കുഴഞ്ഞ് വീണ് മരിച്ചത്. മൃതദേഹം ഇപ്പോൾ ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: കുമാരൻ, മക്കൾ: രേഷ്മ,  വിജേഷ്. 


പത്തനംതിട്ട വടശേരിക്കര പേഴുംപാറ പോളിംഗ് ബൂത്തില്‍ വച്ചാണ് ചാക്കോ മത്തായി മരിച്ചത്. കൊല്ലം കിളികൊല്ലൂരിൽ വോട്ട് ചെയ്യാനെത്തി പോളിംഗ് ബൂത്തില്‍ കുഴഞ്ഞ് വീണ മണി മരിച്ചത് ആശുപത്രിയില്‍ വച്ചാണ്. ഇരവിപുരം മണ്ഡലത്തിലെ കിളികൊല്ലൂർ എൽപി സ്കൂളിൽ അഞ്ചാം നമ്പർ ബൂത്തിൽ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. വോട്ടേഴ്സ് ലിസ്റ്റിൽ പേര് കാണാത്തതിനെത്തുടർന്ന് പോളിംങ്ങ് ഓഫീസറുമായി സംസാരിക്കവേയാണ് കുഴഞ്ഞുവീഴുത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാവേലിക്കര കണ്ടിയൂർ ശ്രീരാമകൃഷ്ണ യു പി സ്കൂളിൽ വോട്ട് ചെയ്യാൻ വന്നപ്പോഴാണ് പ്രഭാകരന്‍ കുഴഞ്ഞ് വീണ് മരിച്ചത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K