03 June, 2019 08:30:55 PM


'നിപ' : പൂനെയിൽ നിന്ന് ഫലം രാത്രി; കൺട്രോൾ റൂമും ഐസൊലേഷൻ വാർഡുകളും തുറന്നു



കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രോഗ ലക്ഷണങ്ങളോടെ യുവാവ് എത്തിയ സാഹചര്യത്തിൽ നിപ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞ‌ു. എറണാകുളത്ത് കൺട്രോൾ റൂമുകൾ തുറന്നു. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും എപ്പോൾ വേണമെങ്കിലും പൊതുജനങ്ങൾക്ക് 1056, 1077 എന്നീ നമ്പറുകളിൽ വിളിക്കാം. ആരോഗ്യവകുപ്പ് അധികൃതര്‍ മറുപടി നൽകും. 


നിപ ബോധവത്കരണത്തിന് എറണാകുളം കളക്ടേറ്റിൽ കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എന്ത് സാഹചര്യം ഉണ്ടായാലും നേരിടാൻ സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യ വകുപ്പും സജ്ജമാണ്. മികച്ച ചികിത്സാ സൗകര്യങ്ങളും ആവശ്യത്തിന് മരുന്നുകളും ഒരുക്കിയിട്ടുണ്ടെന്നും കൊച്ചിയിൽ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെയും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്‍റെയും ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെയും നേതൃത്വത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു ഉന്നതതല യോഗം ചേർന്നത്. 


എറണാകുളത്ത് യുവാവിന് നിപ ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്ഥിരീകരണം രാത്രി ലഭിച്ചേക്കും. എല്ലാ തരത്തിലുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും, രോഗി സഞ്ചരിച്ച തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ കൃത്യമായി പ്രതിരോധത്തിനുള്ള ഒരുക്കങ്ങൾ നടത്തിയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട്ട് നിപ ബാധയുണ്ടായപ്പോൾ പ്രതിരോധിക്കാൻ നേതൃത്വം നൽകിയ ഡോക്ടർമാരുടെ സംഘം എറണാകുളത്ത് എത്തിയിട്ടുണ്ട്.


കോഴിക്കോട്, കളമശ്ശേരി, ഇടുക്കി എന്നീ മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. ആറ് പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാനാകും വിധമാണ് ഐസൊലേഷൻ വാർഡിലെ ക്രമീകരണങ്ങൾ. രോഗമുണ്ടെന്ന സംശയത്തോടെ ആരെത്തിയാലും വിദഗ്‍ധ സംഘത്തിന്‍റെ പരിചരണം ഉറപ്പാക്കാനും നടപടി എടുത്തതായി മന്ത്രി അറിയിച്ചു. നമുക്കീ ആശങ്കയെ കൂട്ടായി നേരിടാമെന്ന് ആരോഗ്യമന്ത്രി പിന്നീട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങൾ ഭയപ്പെടേണ്ടതില്ല. പക്ഷേ, ജാഗ്രത വേണം.


മുൻപ് കോഴിക്കോട്ട് നിപ ബാധ ഉണ്ടായ അനുഭവം കൂടി വച്ച് ഇത്തവണ രോഗബാധ സ്ഥിരീകരിച്ചാൽ നമുക്ക് ഫലപ്രദമായി നേരിടാനാകും. പനി ലക്ഷണങ്ങൾ ഉള്ളവരെല്ലാം എത്രയും പെട്ടെന്ന് ചികിത്സ തേടണം. 'നിപ' രോഗലക്ഷണങ്ങൾ ഉള്ളവരെ അപ്പോൾ തന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. അതിനുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാണ്. ഒരു പക്ഷേ പോസിറ്റീവ് ആയി വരുന്ന കേസുകളിൽ ആളുകൾക്ക് സുരക്ഷിതമായി ധരിക്കാനുള്ള വസ്ത്രങ്ങൾ സജ്ജമാണ്. അതിന്‍റെ കുറവുകൊണ്ട് പ്രശ്നങ്ങളുണ്ടാകില്ല.


ആവശ്യമായ സ്റ്റാഫിനെ എത്തിക്കാനുള്ള ക്രമീകരണങ്ങൾ നടക്കുന്നു. ആരോഗ്യപ്രവർത്തകർക്കുള്ള പരിശീലനം പൂർത്തിയായി. നിപ സംശയിക്കുന്ന വിദ്യാർത്ഥിയുമായി ഇടപെട്ട 86 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ നില കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. അഭ്യൂഹങ്ങൾ പരത്തരുത്. ഈ ഘട്ടം അതിജീവിക്കാനുള്ള എല്ലാ സംവിധനങ്ങളും നമ്മൾ സജീവമാക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K