15 June, 2019 06:56:50 PM


പകര്‍ച്ചവ്യാധി: പൊതുനിരത്തില്‍ മാലിന്യം തള്ളുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യും




കോട്ടയം: മഴക്കാലത്ത് രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച വിവരങ്ങള്‍ ആരംഭഘട്ടത്തില്‍ത്തന്നെ അടിയന്തിരമായി  ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അറിയിച്ചു. കൊതുകുകളുടെ സാന്ദ്രത വര്‍ദ്ധിക്കാനിടയുളള നഗര പ്രദേശങ്ങളില്‍ മുനിസിപ്പാലിറ്റികളും ആരോഗ്യ വകുപ്പും സംയുക്തമായി പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കളക്ട്രേറ്റില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രത സമിതി യോഗത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. 


ഹോസ്റ്റലുകള്‍, കോളനികള്‍, ഫ്ളാറ്റുകള്‍, ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുമ്പോള്‍  തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍  വിവരം നല്‍കണം. രോഗ വിവരം ആരോഗ്യവകുപ്പിന്‍റെ ശ്രദ്ധയില്‍പെടുത്താന്‍ തയ്യാറാകാത്ത സ്ഥാപന നടത്തിപ്പുകാര്‍ക്കും അധികൃതര്‍ക്കുമെതിരെ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരം നടപടി സ്വീകരിക്കും. കൊതുക് സാന്ദ്രത വര്‍ദ്ധിച്ചതായി  ശ്രദ്ധയില്‍പ്പെട്ട ഫാത്തിമപുരം, മുട്ടമ്പലം എന്നിവിടങ്ങളില്‍ ഫോഗിംഗ് നടത്തും.


മത്സ്യവിപണനത്തിനായി ഉപയോഗിക്കുന്ന പെട്ടികള്‍ സൂക്ഷിക്കുന്നതിന് ഷെല്‍റ്റര്‍ സംവിധാനം ഒരുക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. വൈക്കം കോലോത്തുംകടവ് മാര്‍ക്കറ്റില്‍ മീന്‍പെട്ടികളില്‍ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകുന്നതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്. പൊതുനിരത്തുകളില്‍ മാലിന്യം തള്ളുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കളക്ടര്‍  നിര്‍ദ്ദേശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ. ആര്‍ രാജന്‍, നഗരസഭാ അധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K