23 September, 2019 10:26:08 PM


അഗതിമന്ദിരത്തില്‍ സ്ത്രീകളെ സൂപ്രണ്ട് മര്‍ദ്ദിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ശൈലജ




കൊച്ചി: കൊച്ചി കോർപ്പറേഷനു കീഴിലെ അഗതി മന്ദിരത്തില്‍ അന്തേവാസിയായ അമ്മയേയും മകളേയും മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിനു ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും കെ.കെ ശൈലജ നിര്‍ദേശിച്ചു. അഗതിമന്ദിരത്തിലെ അന്തേവാസിയായ മകളെ അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്തപ്പോഴാണ് സൂപ്രണ്ട് മര്‍ദ്ദിച്ചതെന്നാണ് പരാതി. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ജില്ലാ കളക്ടര്‍ എസ് സുഹാസ് ആവശ്യപ്പെട്ടു.


ചേര്‍ത്തല സ്വദേശിയായ അമ്മയ്ക്കും മകള്‍ക്കുമാണ് അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്റെ മര്‍ദ്ദനമേറ്റത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകളെ, അമ്മ കുറച്ചുനാള്‍ മുന്‍പ് കൊച്ചി കോര്‍പ്പറേഷന് കീഴിലെ അഗതിമന്ദിരത്തില്‍ എത്തിച്ചിരുന്നു. അസുഖം മാറിയ മകളെ അഗതിമന്ദിരത്തിലെ സുപ്രണ്ട് അന്‍വര്‍ ഹുസൈന്‍ അനധികൃതമായി സ്വന്തം വീട്ടിലെ ജോലികള്‍ ചെയ്യിപ്പിക്കുന്നതായും എടിഎം കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നതായും പരാതിയുണ്ട്. ഇതേക്കുറിച്ച് ചോദിക്കാനെത്തിയ അമ്മയേയും മകളേയും സൂപ്രണ്ട് മുറിയ്ക്കുള്ളില്‍ നിന്ന് പിടിച്ചുതള്ളുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഈ മാസം പതിനാറിന് സൂപ്രണ്ടിനെതിരെ കൊച്ചി നഗരസഭ മേയര്‍ക്ക് മകള്‍ പരാതി നല്‍കിയിരുന്നു. സൂപ്രണ്ടിനെതിരെ പള്ളുരുത്തി പൊലീസ് കേസെടുത്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K