30 September, 2019 03:27:43 PM


ജേക്കബ് തോമസ് വീണ്ടും സർവീസിലേക്ക്; അപ്രധാനമായ തസ്തികയിൽ നിയമനം നല്‍കി ഒതുക്കുന്നു



തിരുവനന്തപുരം: നിയമ പോരാട്ടങ്ങള്‍ക്കും ഏറെ വിവാദങ്ങള്‍ക്കും ഒടുവില്‍ ഡിജിപി ജേക്കബ് തോമസ് വീണ്ടും സര്‍വീസിലേക്ക്. രണ്ടു കൊല്ലത്തോളമായി സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസിനെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സിഎംഡിയായി നിയമിക്കാനാണ് ആലോചിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതു സംബന്ധിച്ച് ഉടന്‍ ഉത്തരവിറങ്ങും. ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിരുന്നു.


ഇത്രയും സീനിയറായ ഉദ്യോഗസ്ഥനെ ഏറെക്കാലം സസ്‌പെന്‍ഷനില്‍ നിര്‍ത്താനാവില്ലെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ വിധിയെത്തുടര്‍ന്നാണു തിരിച്ചെടുക്കാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ നല്‍കിയത്. ട്രൈബ്യൂണല്‍ ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്നു ജേക്കബ് തോമസ് വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. സര്‍ക്കാരിന്‍റെ വിശദീകരണം ചോദിച്ചതിനു പിന്നാലെയാണു തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.‌ എന്നാൽ, ഔദ്യോഗികമായി തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ലെന്നു ജേക്കബ് തോമസ് പ്രതികരിച്ചു.


‌ജേക്കബ് തോമസിനെതിരായുള്ള വിജിലന്‍സ്, ക്രൈംബ്രാഞ്ച് കേസുകളുടെയും സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന കേസിലുള്ള സസ്‌പെന്‍ഷന്‍റെയും രേഖകള്‍ കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് അപ്രധാന പദവി നല്‍കുന്നതിനെ ന്യായീകരിക്കാനാവുമെന്നാണു സര്‍ക്കാര്‍ നിലപാട്. 2017 ഡിസംബര്‍ മുതല്‍ അദ്ദേഹം സസ്‌പെന്‍ഷനിലാണ്. 


സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡിജിപിയായ തന്നെ കേഡര്‍ തസ്തികയില്‍ തന്നെ നിയമിക്കണമെന്നു ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവയാണു കേഡര്‍ തസ്തികകള്‍. എന്നാല്‍ വിജിലന്‍സ് അന്വേഷണവും കേസുകളും നിലവിലുള്ള സാഹചര്യത്തില്‍ പ്രധാന തസ്തികയില്‍ അദ്ദേഹത്തെ നിയമിക്കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.


ജേക്കബ് തോമസിന്‍റെ സ്വയം വിരമിക്കല്‍ (വിആര്‍എസ്) അപേക്ഷ പരിഗണിക്കാനാവില്ലെന്നു കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. സ്വയം വിരമിക്കുന്നതിനു സര്‍വീസിലിരിക്കെ മൂന്നു മാസം മുന്‍പു നോട്ടിസ് നല്‍കണം. നടപടിക്രമം പാലിക്കാത്തതിനാല്‍ വിആര്‍എസ് അനുവദിക്കില്ലെന്നാണ് അറിയിച്ചത്. വിആര്‍എസ് നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K