03 October, 2019 01:16:09 PM


കിയാലിൽ കൈക്കൂലി: കോടിയേരിക്കെതിരെ കാപ്പന്‍റെ മൊഴി; അസ്ത്രം തൊടുത്ത് ഷിബു ബേബി ജോൺ




തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളം സംബന്ധിച്ച വിഷയത്തിൽ, പാലായിൽ നിന്നു വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ നേരത്തേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകൻ ബിനീഷ് കോടിയേരിക്കും എതിരെ സിബിഐയ്ക്കു നൽകിയ മൊഴിയുടെ രേഖകൾ ആർഎസ്പി നേതാവ് ഷിബു ബേബിജോൺ പുറത്തുവിട്ടു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണു ഷിബു ബേബിജോൺ സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെടാവുന്ന ആരോപണവുമായി രംഗത്തുവന്നത്.


കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടു കോടിയേരിക്കും മകനും മുംബൈ മലയാളി ദിനേശ് മേനോൻ പണം നൽകിയെന്നു സൂചിപ്പിക്കുന്ന മാണി സി. കാപ്പന്റെ നിർണായക മൊഴിയുടെ പകർപ്പാണു ഷിബു ബേബി ജോൺ പുറത്തുവിട്ടത്. ഷിബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ– ' മാണി സി. കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തെന്നു മുംബൈ മലയാളി വ്യവസായി ദിനേശ് മേനോൻ സിബിഐയ്ക്കു പരാതി നൽകിയിരിക്കുന്നു.


സിബിഐയുടെ ചോദ്യങ്ങൾക്കു നൽകിയ മറുപടിയിൽ മാണി സി. കാപ്പൻ പറയുന്നത്- ''കണ്ണൂർ എയർപോർട്ട് ഓഹരികള്‍ വിതരണം ചെയ്യാൻ പോകുമ്പോൾ, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകൻ ബിനീഷിനെയും പരിചയപ്പെടണം. ഞാൻ അവരെ ദിനേശ് മേനോനു പരിചയപ്പെടുത്തി. പണം കൊടുക്കൽ നടത്തിയതിനു ശേഷം ദിനേശ് മേനോൻ എന്നോടു പറഞ്ഞപ്പോഴാണു ചില പേയ്മെന്റുകൾ ദിനേശ് മേനോൻ നടത്തിയെന്നു ഞാൻ മനസ്സിലാക്കിയത്.''


ഈ വിഷയത്തിൽ ഉൾപ്പെട്ടവരോടു സംസാരിക്കാമെന്നു പറഞ്ഞുവെന്നും മാണി സി. കാപ്പൻ സിബിഐയ്ക്കു നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നു. ഇനി അറിയാൻ താൽപര്യം, ഈ വിഷയത്തിൽ ഇപ്പോൾ എൽഡിഎഫ് എംഎൽഎയായ മാണി സി. കാപ്പൻ നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പേരു പരാമർശിച്ചു സിബിഐയ്ക്കു എഴുതി നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുന്നുണ്ടോ ?– ഷിബു ബേബി ജോൺ ചോദിക്കുന്നു.


അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരായ എൻസിപി നേതാവ് മാണി സി. കാപ്പന്‍റെ മൊഴി നിഷേധിച്ച് മുംബൈ വ്യവസായി ദിനേശ് മേനോന്‍ രംഗത്തെത്തി. കോടിയേരിയെയും മകനെയും കണ്ടിരുന്നു. പക്ഷേ, അവര്‍ പണം വാങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷിബു ബേബി ജോണിന്‍റെ ആരോപണങ്ങള്‍ മാണി സി കാപ്പനും തള്ളി. ഷിബു ബേബി ജോണിനു കിട്ടിയത് വ്യാജ രേഖകളാണ്. സിബിഐക്ക് ഒരു മൊഴിയും നല്‍കിയിട്ടില്ല. താനുമായി ബന്ധപ്പെട്ട് സിബിഐയില്‍ കേസില്ലെന്നും മാണി സി കാപ്പൻ അറിയിച്ചു. 


കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ചു സിബിഐയ്ക്കു മൊഴി നൽകിയ മാണി സി. കാപ്പൻ ഇപ്പോൾ ഇടതുമുന്നണിയുടെ എംഎൽഎയാണ്. ഇക്കാര്യത്തിൽ നിജസ്ഥിതി അറിയാൻ കേരളത്തിലെ ജനങ്ങൾക്കു അവകാശമുണ്ടെന്നും ഷിബു ബേബി ജോണിന്‍റെ സമൂഹമാധ്യമത്തിലെ കുറിപ്പിലുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K