11 October, 2019 06:11:37 PM


ജോസ് കെ മാണി കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ല, ഇനി സ്വന്തം വഴി നോക്കാം: പി.ജെ ജോസഫ്




മഞ്ചേശ്വരം: ജോസ് കെ മാണിക്കെതിരേ നിലപാട് കടുപ്പിച്ച്‌ പി.ജെ ജോസഫ്. ജോസ് കെ മാണി കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ലെന്നും ഇനി സ്വന്തം വഴി നോക്കാമെന്നും വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്. അദ്ദേഹത്തിന്‍റെ കൂടെയുള്ളവരും തന്നോടൊപ്പം കൂടുന്ന കാഴ്ച്ചയാണ് കണ്ടു വരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓരോ ദിവസവും അണികള്‍ ജോസ് കെ മാണി വിഭാഗത്തെ തള്ളി വന്നുകൊണ്ടിരിക്കുകയാണ്. പാലായില്‍ തന്നോടൊപ്പം ആളുണ്ടോ എന്ന് കാട്ടിക്കൊടുക്കാന്‍ പാലായില്‍ മണ്ഡലം റാലി സംഘടിപ്പിക്കും.


26ന് ചേരുന്ന യോഗം ഇത് സംബന്ധിച്ച തീരുമാനമെടുക്കും. പാലായില്‍ ജോസ് കെ മാണി മത്സരിപ്പിച്ചത് ജനസമ്മതി ഇല്ലാത്ത സ്ഥാനാര്‍ഥിയെയാണ്. തെറ്റുതിരുത്താന്‍ ജോസ് കെ മാണി തയ്യാറായാല്‍ നല്ലതാണന്നും ജോസഫ് പറഞ്ഞു. മുന്നണിയില്‍ രണ്ടു വിഭാഗം കേരള കോണ്‍ഗ്രസ് എം ഇല്ല. യഥാര്‍ഥ പാര്‍ട്ടി തനിക്കൊപ്പമാണ്. ജോസ് കെ മാണി വിഭാഗം പിരിഞ്ഞു പോയവരാണ്. മഞ്ചേശ്വരത്ത് യു.ഡി.എഫ് ജയിക്കുമെന്നും വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K