14 October, 2019 03:24:09 PM


ഈ സര്‍ക്കാര്‍ മുന്നാക്ക സമുദായങ്ങള്‍ക്ക് വേണ്ടി എന്തു നന്മയാണ് ചെയ്തത്? - ജി. സുകുമാരന്‍ നായര്‍



ചങ്ങനാശേരി: ഈ സര്‍ക്കാര്‍ മുന്നാക്കസമുദായങ്ങള്‍ക്കോ എന്‍എസ്എസ്സിനോ വേണ്ടി എന്തു നന്മയാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മുന്നാക്കസമുദായത്തിനുവേണ്ടി നല്ലതുചെയ്ത ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുകയാണ് എന്‍.എസ്എസ്. ചെയ്യേണ്ടതെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊടിയേരിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുകയാണെന്നും വസ്തുതകള്‍ക്കു നിരക്കാത്തതുമാണന്ന് സുകുമാരന്‍ നായര്‍ വാര്‍ത്താ കുറിപ്പിലൂടെ കുറ്റപ്പെടുത്തി.


എന്‍ഡിപി എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു കഴിഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ചരിത്രം പരിശേധിച്ചാല്‍ മനസ്സിലാകുമെന്നും എന്‍.എസ്.എസിന്‍റേത് ആ പഴയ  കാലത്തേക്കുള്ള മടക്കമാണോയെന്നും കഴിഞ്ഞ ദിവസം കൊടിയേരി അരൂരില്‍ മാധ്യമ പ്രവര്‍കരോട് സംസാരിക്കവെ ചോദിച്ചിരുന്നു. അതിനുള്ള മറുപടിയായാണ് ജനറല്‍ സെക്രട്ടറിയുടെ വാര്‍ത്താക്കുറിപ്പ്. വിശ്വാസസംരക്ഷണത്തിന്‍റെ കാര്യത്തില്‍ മാത്രമാണ് എന്‍.എസ്.എസിന് ഈ സര്‍ക്കാരിനോട് അഭിപ്രായഭിന്നത ഉണ്ടായിട്ടുള്ളത്. എന്നാല്‍ നായര്‍സമുദായം അടക്കമുള്ള മുന്നാക്കസമുദായങ്ങള്‍ക്കും അതില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കും വ്യവസ്ഥാപിതമായി ലഭിച്ചുവരുന്ന ആനുകൂല്യങ്ങളെല്ലാം തന്നെ തടഞ്ഞുവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 


ദേവസ്വം ബോര്‍ഡില്‍ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്നും, കഴിഞ്ഞ ഗവണ്മെന്‍റ് പൊതു അവധിയായി പ്രഖ്യാപിച്ച മന്നത്തുപത്മനാഭന്‍റെ ജന്മദിനം നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിന്‍റെ പരിധിയില്‍കൊണ്ടുവരണമെന്നും മാത്രമാണ് എന്‍.എസ്.എസ് ഈ ഗവണ്മെന്റിനോട് ആകെ ആവശ്യപ്പെട്ടിട്ടുള്ളത്. അത് എവിടെ നില്ക്കുന്നുവെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. 

ദേവസ്വം ബോര്‍ഡിലെ 10 ശതമാനം മുന്നാക്കസംവരണം ആയാലും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 10 ശതമാനം സംവരണം ആയാലും നടപ്പാക്കാതിരിക്കാതിരിക്കാനോ കാലതാമസം വരുത്താനോ വേണ്ടിയുള്ള ബോധപൂര്‍വമായ നീക്കമാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.  ഈ ഉപതിരഞ്ഞെടുപ്പുകളില്‍ ശരിദൂരം കണ്ടെത്തണമെന്ന് പറയേണ്ടിവന്ന സാഹചര്യം എന്താണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ആ നിലപാട് നാടിന്‍റെ നന്മയ്ക്കുവേണ്ടിയാണ്. ഇക്കാര്യത്തില്‍ പ്രത്യേക അവകാശവാദമോ ആശങ്കയോ എന്‍.എസ്.എസ്സിനില്ലായെന്നും സുകുമാരന്‍ നായര്‍ പറയുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K