07 January, 2020 12:15:51 AM


വികസന പദ്ധതികളില്‍ കോട്ടയം മെഡിക്കല്‍ കോളേജ് മാതൃക - മന്ത്രി ശൈലജ ടീച്ചര്‍



കോട്ടയം: സര്‍ക്കാര്‍ ധനസഹായം ഫലപ്രദമായി വിനിയോഗിച്ച് ജനോപകാരപ്രദമായ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തികരീക്കുന്നതില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മാതൃകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 


20.20 കോടി രൂപ ചിലവിട്ട് പൂര്‍ത്തീകരിച്ച  പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ആര്‍ദ്രം പദ്ധതി രണ്ടാം ഘട്ടം,  മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, സി.ടി സിമുലേറ്റര്‍, കാര്‍ഡിയോളജി വിഭാഗത്തില്‍ കൂട്ടിരിപ്പുകാര്‍ക്കായി വിശ്രമ കേന്ദ്രം, ശൗചാലയ സമുച്ചയം, ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്, കാന്‍സര്‍-അസ്ഥിരോഗവിഭാഗം ഐ.സി.യു, പവര്‍ ലോണ്‍ഡ്രി, നവീകരിച്ച ബയോ മെഡിക്കല്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. 80 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 12 പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.


മെഡിക്കല്‍ കോളേജ് അശുപത്രി അങ്കണത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ അഡ്വ. കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍ വികസനപ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മുന്‍ എം.എല്‍.എ വി.എന്‍.വാസവന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, ജില്ലാ പഞ്ചായത്ത് അംഗം മഹേഷ് ചന്ദ്രൻ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്,  വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ.പി. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K