08 January, 2020 08:15:29 AM


ദേശീയ പണിമുടക്ക്: കേരളത്തില്‍ ഹര്‍ത്താലായി മാറി ; വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല




തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കുര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്ന് അര്‍ധരാത്രി വരെ തുടരും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പണിമുടക്കില്‍ പങ്കാളികളായതോടെ കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണ് ദൃശ്യമാകുന്നത്. മിനിമം വേതനം വര്‍ധിപ്പിക്കണമെന്നതടക്കമുളള ആവശ്യങ്ങളാണ് ഹര്‍ത്താലിലൂടെ സംയുക്ത തൊഴിലാളി യൂണിയന്‍ മുമ്പോട്ട് വെച്ചിരിക്കുന്നത്.


അവശ്യസര്‍വീസ്, ആശുപത്രി, വിനോദസഞ്ചാര മേഖല, ശബരിമല തീര്‍ത്ഥാടനം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 44തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്ത് നാല് പുതിയ തൊഴില്‍ കോഡുകള്‍ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ചും മിനിമം വേതനം 21000 രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുമാണ് തൊഴിലാളി പ്രതിഷേധം. കേരളത്തില്‍ ഉടനീളം വാഹനങ്ങള്‍ ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്.


കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. രാവിലെ ആറു മണിയോടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകളും സര്‍വീസ് നിര്‍ത്തു. സ്വകാര്യ ബസുകള്‍ ഇതുവരെ സര്‍വീസ് തുടങ്ങിയിട്ടില്ല. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തില്‍ ഇറങ്ങിയിട്ടുള്ളത്. നടക്കാനിരിക്കുന്ന വിവിധ സര്‍വകലാശാല പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്. അതേസമയം ട്രെയിന്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടില്ല.


ടൂറിസം മേഖലയെയും ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കി. പാല്‍, പത്രം, ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്കും തടസമുണ്ടാക്കില്ല. പണിമുടക്കുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ടെങ്കിലും ശബരിമലയിലേക്കൊഴികെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കരുതെന്നു നേതാക്കള്‍ നേരിട്ടെത്തി അഭ്യര്‍ഥിച്ചു.


വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന ആഹ്വാനവും നല്‍കിയിട്ടുണ്ട്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഗ്രാമീണ ഹര്‍ത്താല്‍ ആചരിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു.ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര/സംസ്ഥാന ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെയും സംഘടനകളും ചേര്‍ന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K