14 March, 2020 12:52:31 PM


ചികിത്സയെ വഴി തെറ്റിക്കരുത്; വിപത്ത് നമ്മെ വിഴുങ്ങും: ആരോഗ്യമന്ത്രിയ്ക്കെതിരെ ഐഎംഎ



തിരുവനന്തപുരം: ആയുര്‍വേദ, ഹോമിയോ മരുന്നുകള്‍ കഴിച്ച് പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്.  മന്ത്രിയുടെ ആഹ്വാനം ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കൊറോണ പ്രതിരോധ യത്‌നത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് ഐഎംഎ കേരള ഘടകം വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.


വാര്‍ത്താക്കുറിപ്പിന്‍റെ പൂര്‍ണരൂപം:



ചികിത്സയെ വഴി തെറ്റിക്കരുത് - ഐ.എം.എ. 


ആയുര്‍വേദ ഹോമിയോ 'മരുന്നുകള്‍' കഴിച്ച് പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുള്ള ആരോഗ്യ മന്ത്രിയുടെ ആഹ്വാനം ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കൊറോണ പ്രതിരോധ യത്‌നത്തിന്റെ നട്ടെല്ലോടിക്കും. കമ്മ്യൂണിറ്റി സ്‌പ്രെഡ് എന്ന മാരകമായ മൂന്നാം ഘട്ടം തരണം ചെയ്യാനുള്ള തീവ്ര യത്‌നത്തില്‍ വ്യാപൃതരായ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന പ്രസ്താവന, ഇന്നു വരെ മുന്‍പന്തിയില്‍ നിന്ന് ഈ യുദ്ധത്തിന് നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിയില്‍ നിന്നും പ്രതീക്ഷിച്ചില്ല. ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പറയുമ്പോള്‍ അത്തരം കേട്ടു കേള്‍വികളുടെ ആകര്‍ഷണ വലയത്തില്‍ ഉള്ള ഒരു വിഭാഗം കൊറോണ പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ വഴി മാറിപ്പോകും എന്നത് ആശങ്കയോടെ മാത്രമേ നോക്കി കാണാന്‍ ആകൂ. 
സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വികസിപ്പിച്ചെടുക്കുന്ന മരുന്നുകള്‍ മാത്രമേ പ്രതിരോധത്തിനായാലും ചികിത്സക്കായാലും ഉപയോഗിക്കാവൂ എന്ന് നിയമം അനുശാസിക്കുന്നുണ്ട്. ശാസ്ത്രീയ മാര്‍ഗങ്ങള്‍ മാത്രം പിന്‍ തുടരാന്‍ രോഗമുള്ളവരും ഇല്ലാത്തവരും ഒരുപോലെ തയ്യാറായില്ലെങ്കില്‍, അതിന് മാത്രം ഇന്നാട്ടിലെ ജനതയെ പ്രേരിപ്പിക്കാന്‍ ആര്‍ജ്ജവമുള്ള ഒരു നേതൃത്വം ഉണ്ടായില്ലെങ്കില്‍, വരാനിരിക്കുന്ന വിപത്ത് നമ്മെ എല്ലാം വിഴുങ്ങും എന്ന ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരളാ ഘടകത്തിന് നല്‍കാനുള്ളത്. ഒത്തൊരുമയോടെ, സുചിന്തിതമായ നീക്കങ്ങളിലൂടെ, ശാസ്ത്രീയ സത്യങ്ങളുടേയും തെളിവുകളുടെയും ബലത്തില്‍ മാത്രമേ നമുക്ക് ഈ യുദ്ധത്തില്‍ വിജയമുണ്ടാകൂ എന്ന് വീണ്ടും വീണ്ടും കേരളാ ഐ എം എ ഓര്‍മിപ്പിക്കുന്നു.


ഡോ. എബ്രഹാം വര്‍ഗീസ്, ഐ എം എ സംസ്ഥാന പ്രസിഡന്‍റ് 

ഡോ. പി. ഗോപികുമാര്‍, ഐ എം എ സംസ്ഥാന സെക്രട്ടറി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K