24 March, 2020 08:58:33 PM


സംസ്ഥാനത്ത് 100കടന്ന് കോവിഡ് ബാധിതർ; പുതിയതായി 14 കേസുകൾ



തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസറഗോഡ് 6, കോഴിക്കോട് 3, മലപ്പുറം 1, പാലക്കാട് 1, കോട്ടയം 1, എറണാകുളം 1, ആലപ്പുഴ 1 എന്നിങ്ങനേയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ 109 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. കൂടാതെ കണ്ണൂര്‍ ജില്ലയില്‍ ചികിത്സയില്‍ ആയിരുന്ന ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ നിലവില്‍ 105 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.


ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ ദുബായില്‍നിന്നും ഒരാള്‍ ഖത്തറില്‍നിന്നുമാണ് വന്നത്. യു.കെയില്‍നിന്ന് വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുമായുള്ള സമ്പര്‍ക്കം മൂലമാണ് മൂന്നുപേര്‍ക്ക് രോഗം വന്നത്. 4516 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. 3331 സാമ്പിളുകള്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


186 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,460 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 71,994 പേര്‍ വീടുകളിലും 466 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 164 പേരെയാണ് ഇന്ന് ആശുപത്രികളില്‍ അഡ്മിറ്റാക്കിയത്. 13,326 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. പത്രസമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പങ്കെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K