29 April, 2020 10:38:17 PM


കോവിഡ് 19: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങായി കേന്ദ്ര ഗവ. ഇന്‍ഷുറന്‍സ് പദ്ധതി



തിരുവനന്തപുരം: കോവിഡ് - 19 പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു കൈത്താങ്ങായി കേന്ദ്ര ഗവണ്‍മെന്റിന്റെ  ഇന്‍ഷുറന്‍സ് പദ്ധതി. ഇതിലൂടെ കേന്ദ്ര ഗവണ്‍മെന്റ് ആരോഗ്യപ്രവര്‍ത്തകരുടെ അശ്രാന്ത, നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലയില്‍ 19 ആശാ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍  പോയതോടെയാണ് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പ്രസക്തി വര്‍ദ്ധിച്ചത്. പ്രധാനമന്ത്രി ഗ്രാമീണ്‍ കല്യാണ്‍ യോജനയുടെ കീഴില്‍ കേന്ദ്രം കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത്. 2020 മാര്‍ച്ച് 30ന് പ്രാബല്യത്തില്‍ വന്ന ഈ പദ്ധതിയുടെ കാലാവധി 90 ദിവസത്തേയ്ക്കാണ്. 


മൂന്ന് ദിവസം മുന്‍പ് ഒരു  കോവിഡ് രോഗിപോലും ഇല്ലാതെ ഗ്രീന്‍ സോണിലായിരുന്ന കോട്ടയം ജില്ല പെട്ടെന്ന് ഹോട്ട്‌സ്‌പോട്ട് ആയി മാറി. പ്രവചനാതീതമായ ഈ കോവിഡ് കാലത്ത് 24 മണിക്കൂറും രോഗികളെ ചികിത്സിക്കുകയും അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്  ആരോഗ്യ പ്രവര്‍ത്തകര്‍.  കുറിച്ചി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒ പി ഡ്യൂട്ടി ചെയ്ത ആശാ പ്രവര്‍ത്തക എലിസബത്ത് സേവ്യര്‍ ഇന്ന് ക്വാറന്റയിനിലാണ്. കേന്ദ്രത്തിന്റെ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ  ആശാ പ്രവര്‍ത്തകരുടെ  പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു എന്നാണ് അവരുടെ അഭിപ്രായം. 


താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളോടുള്ള സമൂഹത്തിന്റെ മനോഭാവം തന്നെ ഇതിലൂടെ മാറും എന്ന്  ആശാപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. കോവിഡിന്റെ കാലത്ത് കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏവരുടെയും ആത്മ വിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിക്കും.  പ്രത്യേകിച്ച്, താഴെക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകര്‍, ആംബുലന്‍സ്  ഡ്രൈവര്‍മാര്‍, ദിവസ വേതനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെട്ടിരിക്കുന്നവരുടെ - ദേശീയ  ഗ്രാമീണ ആരോഗ്യ   ദൗത്യം കോട്ടയം ജില്ല പ്രോഗ്രം മാനേജര്‍ ഡോ. വ്യാസ് അഭിപ്രായപ്പെട്ടു. 


കോട്ടയം ഗവണ്‍മെന്റ് ആശുപത്രിയില്‍  ശുചീകരണ  പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വി.എസ്. തങ്കമണിയെ സംബന്ധിച്ചിടത്തോളം ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ഇല്ലെങ്കിലും  ഈ പ്രവര്‍ത്തനങ്ങള്‍ തുടരും എന്നാണ് പറയുന്നത്. എന്നാല്‍ അനിശ്ചിതത്വത്തിന്റെ ഈ കാലത്ത് ജീവഹാനിയുണ്ടായാല്‍ കുടുംബം വഴിയാധാരമാകില്ല എന്ന വിശ്വാസം പ്രതീക്ഷ നല്‍കുന്നു. പദ്ധതിയെസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ https://www.mohfw.gov.in/pdf/FAQPradhanMantriGaribKalyanPackageInsuranceSchemefirHealthWorkersFightingCIVID19.pdf   എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K