02 May, 2020 04:54:52 PM
കണ്ണൂരിലും വയനാട്ടിലും വീണ്ടും കോവിഡ്; കേരളത്തില്‍ ആകെ 96 രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലും വയനാട്ടിലും ഓരോരുത്തര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം, എട്ട് പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. 96 പേരാണ് നിലവില്‍ കോവിഡ് വൈറസ് ബാധിച്ച് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 499 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
21894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ്. 80 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 31183 സാമ്പിളുകൾ പരിശോധിച്ചു. 30358 എണ്ണത്തില്‍ രോഗബാധയില്ല. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ 2091 സാമ്പിളുകളില്‍ 1234 എണ്ണം നെഗറ്റീവായി.
ഗ്രീന്‍ സോണിലായിരുന്ന വയനാട്ടില്‍ ഇന്ന് ഒരു കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ജില്ല ഓറഞ്ച് സോണിലേക്ക് മാറി. 21 ദിവസമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ആലപ്പുഴ, തൃശൂര്‍ ജില്ലകള്‍ കൂടി ഗ്രീന്‍ സോണിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ ആലപ്പുഴ, തൃശൂര്‍, എറണാകുളം എന്നീ മൂന്ന് ജില്ലകള്‍ ഗ്രീന്‍ സോണിലായി. കോട്ടയവും കണ്ണൂരും റെഡ് സോണായി തുടരും. മറ്റ് ജില്ലകള്‍ ഓറഞ്ച് സോണായും തുടരും.
                                
                                        



